ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ തിരിച്ചടിക്ക് പ്രതികാരമായി ഇറാനിലെ ആണവ നിലയങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ ചങ്കിടിക്കുന്നതിപ്പോള്‍ അമേരിക്കയ്ക്കാണ്. ഒരു കാരണവശാലും ആണവ നിലയങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് പറയുകയും ഇസ്രയേലിനെ സഹായിക്കാന്‍ പടക്കപ്പലുകള്‍ അയയ്ക്കുകയും ചെയ്ത അമേരിക്ക ഒറ്റ രാത്രി കൊണ്ട് മലക്കം മറിഞ്ഞത് റഷ്യയെ പേടിച്ചാണെന്നതും വ്യക്തമാണ്.
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ അത് വലിയ ആണവയുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. വന്‍ പ്രഹരശേഷിയുള്ള അത്യാധുനിക ആയുധങ്ങള്‍ റഷ്യയും ചൈനയും ഇറാന് നല്‍കാനുള്ള സാധ്യതയും അമേരിക്ക മുന്നില്‍ കാണുന്നുണ്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കയ്ക്ക് എതിരെ പോലും ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. നിരവധി വര്‍ഷങ്ങളായി ആണവ പരീക്ഷണം നടത്തിവരുന്ന ഇറാന്‍ റഷ്യന്‍ ശാസ്ത്രജ്ഞരുടെ കൂടി സഹായത്തോടെ ഇതിനകം തന്നെ ആണവ ശക്തിയായി മാറിയിട്ടുണ്ടാകാമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും കരുതുന്നത്.
ഇറാനെ പോലെ തന്നെ രഹസ്യമായി ആണവായുധം സൂക്ഷിക്കുന്ന രാജ്യമായാണ് ഇസ്രയേലും അറിയപ്പെടുന്നത്. ദശലക്ഷക്കണക്കിന് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കൊന്നൊടുക്കുന്ന ആണവായുധത്തിലേക്ക് ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം പോകരുതെന്നാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. ഒരേസമയം ഇസ്രയേലും ഇറാനും ഇന്ത്യയുടെ സുഹൃത്തുക്കളായതിനാല്‍ ഒരു പക്ഷവും ചേരാത്ത നിലപാടാണ് ഇവിടെയും ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍, സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വഴിമാറിയാല്‍ റഷ്യയും ചൈനയും ഉത്തരകൊറിയയുമെല്ലാം ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ വരാനാണ് സാധ്യത. ഈ ഒരു സാധ്യത മുന്നില്‍ കാണുന്നത് കൊണ്ടാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് അമേരിക്ക പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍ നിന്നും എന്തൊക്കെ ആയുധങ്ങള്‍ ഇറാന്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ടെന്ന കാര്യത്തിലും അമേരിക്കയ്ക്ക് വലിയ ആശങ്കയുണ്ട്.
ഇറാന്‍-ഇസ്രയേല്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെങ്കില്‍ ഒരു കാരണവശാലും ഇസ്രയേലിന് വിജയിക്കാന്‍ കഴിയുകയില്ല. അമേരിക്കയുടെ സഹായമുണ്ടെങ്കില്‍ മാത്രമാണ് അവര്‍ക്ക് ആത്മവിശ്വാസത്തോടെ യുദ്ധം ചെയ്യാന്‍ കഴിയുക. ഇവിടെയാണ് ഇറാനൊപ്പം റഷ്യയും മറ്റ് അമേരിക്കന്‍ വിരുദ്ധരും കൂടിയാലുള്ള അവസ്ഥയും തിരിച്ചറിയേണ്ടത്. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം അവരുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മാത്രമാണ്.
ഇസ്രയേല്‍, ഗാസയിലും ലെബനനിലും ചെയ്തതു പോലെ ജനവാസ കേന്ദ്രങ്ങള്‍ ഒരിക്കലും ഇറാന്റെ ടാര്‍ഗെറ്റ് ആയിരുന്നില്ല. എന്നാല്‍, ഇനി ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ ഈ ജാഗ്രതയൊന്നും ഇറാന്റെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചിട്ട് ഒരു കാര്യവുമില്ല. വലിയ നാശം ഇസ്രയേലിനും ഉണ്ടാകുമെന്നത് വ്യക്തമാണ്. ഇസ്രയേലിന് നേരെ നടന്ന ഇറാന്‍ ആക്രമണത്തില്‍ ടെല്‍ അവീവിലെ മൂന്ന് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ഇറാന്‍ ആദ്യമായി ഫതഹ് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചതും ഈ ആക്രമണത്തിലാണ്.
മിസൈല്‍ അയണ്‍ ഡോം പ്രതിരോധത്തെ തകര്‍ത്ത് ഭൂമിയില്‍ പതിച്ചു എന്നതിന് തെളിവുകള്‍ ഇതിനകം തന്നെ പുറത്തായിട്ടുണ്ടെങ്കിലും നാശനഷ്ടം എത്രയെന്നത് ഇപ്പോഴും ഇസ്രയേല്‍ വെളിപ്പെടുത്തിയിട്ടില്ല. നാണക്കേടോര്‍ത്താണ് ഇക്കാര്യം വെളിപ്പെടുതാത്തത് എന്നു തന്നെയാണ് സംശയിക്കേണ്ടത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ മൂക്കിന് താഴെ വരെ വീണ് ഇറാന്റെ മിസൈല്‍ പൊട്ടിത്തെറിച്ചെങ്കില്‍ അത് അമേരിക്കന്‍ ചേരിക്ക് നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. ഇറാന്റെ ആക്രമണത്തെ പരാജയപ്പെടുത്താന്‍ ഇസ്രയേലിനെ അമേരിക്ക സഹായിച്ചിട്ട് പോലും നിരവധി മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചത് അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്.
ലോകം വീണ്ടും ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇറാന്റെയും ഇസ്രയേലിന്റെയും സൈനികശക്തി എത്രത്തോളമാണ് എന്നതുകൂടി നമുക്ക് പരിശോധിക്കാം. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ദി മിലിട്ടറി ബാലന്‍സ് 2023 നെ അടിസ്ഥാനമാക്കി പുറത്തുവിട്ട കണക്കുകളാണിത്. ഇത് പ്രകാരം ഇറാന്‍ കരസേനയില്‍ 3,50,000 സൈനികരും പ്രത്യേക സേനയായ ഐആര്‍ജിസിയില്‍ 1,90,000 പേരുമാണുള്ളത്. നാവികസേനയില്‍ 18,000വും, വ്യോമസേനയില്‍ 37,000 വുമാണ് നിലവിലുള്ള കണക്ക്.
വ്യോമ പ്രതിരോധത്തില്‍ 15,000 പേരും ഇറാനുണ്ട്. ഇതടക്കം 6,10,000 സൈനികരാണ് ഇറാനിലുള്ളത്. ഇതിനെല്ലാം പുറമെ ഇറാന്റെ കൈവശം 3,50,000 കരുതല്‍ സേനയുമുണ്ട്. 18 വയസ്സിന് മുകളിലുള്ള ഇറാനിയന്‍ പുരുഷന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധിതമാണ്. ഇതും ഇറാന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. അതേസമയം ഇസ്രയേല്‍ സൈന്യത്തില്‍ 1,26,000 പേരും നാവികസേനയില്‍ 9,500 പേരും മാത്രമാണുള്ളത്. വ്യോമസേനയുടെ കരുത്ത് 34,000 ല്‍ ഒതുങ്ങും. ഇതടക്കം 1,69,500 സൈനികരാണ് ഇസ്രയേലിനുള്ളത്. അവരുടെ കരുതല്‍ സേനയുടെ അംഗസംഖ്യ 4,65,000 ആണ്.
ചില ഇളവുകളോടെ 18 വയസ്സിന് മുകളിലുള്ള മിക്ക യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നിര്‍ബന്ധിത സൈനിക സേവനം ഇസ്രയേലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.2024 ഏപ്രിലിലെ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2023-ല്‍ ഇറാന്‍ 10.3 ബില്യണ്‍ ഡോളറാണ് സൈനിക ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 2022 ല്‍ നിന്നും 0.6 ശതമാനം വര്‍ധനവാണ്. അതേസമയം 2023 ല്‍ ഇസ്രയേല്‍ 27.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. 2022 ല്‍ നിന്ന് 24 ശതമാനം വര്‍ദ്ധനവ് അവിടെയുണ്ടായി.
ഒക്ടോബര്‍ 7 ന് ശേഷം ഗാസയ്‌ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്.ഇറാനില്‍ 10,513 യുദ്ധ ടാങ്കുകളും 6,798 ലധികം പീരങ്കി തോക്കുകളും 640 ലധികം കവചിത വാഹനങ്ങളുമുണ്ട്. ഇറാന്‍ സൈന്യത്തിന് 50 ഹെലികോപ്റ്ററുകളും അവരുടെ സ്പെഷ്യല്‍ ഫോഴ്സിന് അഞ്ച് ഹെലികോപ്റ്ററുകളും ഉണ്ട്. ഇസ്രയേലിന് 400 യുദ്ധ ടാങ്കുകളും 530 പീരങ്കി തോക്കുകളും 1,190 ലധികം മറ്റു സൈനിക വാഹനങ്ങളുമാണുള്ളത്.വ്യോമസേനയുടെ കാര്യമാണെങ്കില്‍ ഇറാന്‍ വ്യോമസേനയ്ക്ക് യുദ്ധശേഷിയുള്ള 312 വിമാനങ്ങളും, ഐആര്‍ജിസിക്ക് 23 എണ്ണവും ഉണ്ട്.
വ്യോമസേനയ്ക്ക് രണ്ട് ആക്രമണ ഹെലികോപ്റ്ററുകളും സൈന്യത്തിന് 50 ഉം ഐആര്‍ജിസിക്ക് അഞ്ച് ഹെലികോപ്റ്ററുകളും ഉണ്ട്. ഇസ്രയേലിനുള്ളത് യുദ്ധ ശേഷിയുള്ള 345 വിമാനങ്ങളും 43 ആക്രമണ ഹെലികോപ്റ്ററുകളുമാണ്.ഇറാനില്‍ 17 തന്ത്രപരമായ അന്തര്‍വാഹിനികളും, 68 പട്രോളിംഗ് സംവിധാനങ്ങളും, അനവധി തീരദേശ സൈനികരുമുണ്ട്. ഇതിനു പുറമെ ഏഴ് യുദ്ധ കപ്പലുകളും, 12 ലാന്‍ഡിംഗ് കപ്പലുകളും, 11 ലാന്‍ഡിംഗ് ക്രാഫ്റ്റുകളും, 18 ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് ഉപകരണങ്ങളും ഇറാനുണ്ട്. ഇസ്രയേലിന് അഞ്ച് അന്തര്‍വാഹിനികളും 49 പട്രോളിംഗ് സംവിധാനകളും, പ്രത്യേക തീരദേശ സേനയുമുണ്ട്.
അയണ്‍ ഡോം സിസ്റ്റം എന്നറിയപ്പെടുന്നതാണ് ഇസ്രയേലിന്റെ പ്രധാന വ്യോമ പ്രതിരോധം. ഇതിനെ കഴിഞ്ഞ ആക്രമണത്തില്‍ ഒരു പരിധിവരെ തകര്‍ക്കാന്‍ ഇറാന് കഴിഞ്ഞിട്ടുണ്ട്. ഇറാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഇടിമുഴക്കം’ എന്നര്‍ത്ഥം വരുന്ന ഹ്രസ്വദൂര, താഴ്ന്ന ഉയരത്തിലുള്ള അസരാക്ഷ് എന്ന പ്രതിരോധ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു ഇന്‍ഫ്രാറെഡ് ഡിറ്റക്ഷന്‍ സിസ്റ്റമാണ്. ടാര്‍ഗെറ്റുകള്‍ കണ്ടെത്തുന്നതിനും, തടസ്സപ്പെടുത്തുന്നതിനുമായി… റഡാറും ഇലക്ട്രോ ഒപ്റ്റിക് സംവിധാനങ്ങളും സജ്ജീകരിച്ച ഇത് വാഹനങ്ങളിലും ഘടിപ്പിക്കാവുന്നതാണ്.
ഇതിനുപുറമെ വ്യത്യസ്തമായ ഭൂതല-വിമാന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇറാനുണ്ട്. ഇതില്‍ 42 ലധികം ദീര്‍ഘദൂര റഷ്യന്‍ നിര്‍മ്മിത എസ്-200, എസ്-300, പ്രാദേശിക ബാവാര്‍-373 എന്നിവയും ഉള്‍പ്പെടുന്നു. ഇറാന്റെ ആയുധശേഖരത്തില്‍ കുറഞ്ഞത് 12 വ്യത്യസ്തതരം മധ്യദൂര, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ട്. 150 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോണ്ടര്‍ 69 മുതല്‍, ഖോറാംഷഹര്‍, സെജ്ജില്‍ വരെ ഇതില്‍ ഉള്‍പ്പെടും.
രണ്ടും 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ്. 280 KM ദൂരപരിധിയുള്ള LORA മുതല്‍, 4,800KM നും 6,500KM നും ഇടയില്‍ ദൂരപരിധിയുള്ള, ജെറിക്കോ-3 വരെയുള്ള നാല് വ്യത്യസ്ത തരം ചെറുകിട, ഇടത്തരം, ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഇസ്രയേലിന്റെ പക്കലുമുണ്ട്. അമേരിക്കന്‍ ആസ്ഥാനമായുള്ള ആയുധ നിയന്ത്രണ സംഘടനയുടെ കണക്കനുസരിച്ച് ഇസ്രയേലിന്റെ ശേഖരത്തില്‍ 90 ആണവ പോര്‍മുനകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇറാന്റെ പക്കല്‍ ആണവായുധങ്ങളുണ്ടെന്ന് പരസ്യമായി ആരും പറയുന്നില്ലെങ്കിലും വലിയ രൂപത്തിലുള്ള ആണവായുധ ശേഖരം ഇറാനുണ്ടെന്നു തന്നെയാണ് ലോകരാജ്യങ്ങള്‍ വിശ്വസിക്കുന്നത്. വിപുലമായ ആണവ പരീക്ഷണങ്ങളും നിരവധി ആണവ സൗകര്യങ്ങളുള്ള ഗവേഷണ കേന്ദ്രങ്ങളും ഇറാനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ പേര്‍ഷ്യയുടെ പോരാട്ടവീര്യം ഇന്നും കൈമുതലായി കൊണ്ടുനടക്കുന്ന പോരാളികളായ ഒരു ജനതയാണ് ഇറാനിലുള്ളത്.
ആര്‍ക്ക് മുന്നിലും മുട്ടുമടക്കാത്ത ധൈര്യവും, പിടഞ്ഞ് വീഴുന്നതുവരെ പോരാടുമെന്ന ഉറച്ച നിലപാടുമുള്ള ആ ജനതയെ തോല്‍പ്പിക്കുക പ്രയാസമാണ്. ഭൂമിശാസ്ത്രപരമായ ആനുകൂല്യം, ശത്രുവിന്റെ ടാങ്കുകളെ ഇറാനില്‍ ശവപറമ്പാക്കാനുള്ള സാധ്യതയും വളരെയേറെയാണ്. ലെബനനില്‍ കയറിയ നിരവധി ഇസ്രയേല്‍ പട്ടാളക്കാര്‍ കൊലചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇറാനില്‍ അതിക്രമിച്ച് കയറുകയെന്നത് ശത്രുക്കളെ സംബന്ധിച്ച് എന്തായാലും ആത്മഹത്യാപരമായിരിക്കും.
വീഡിയോ കാണാം