ടെൽഅവീവ്; ഇസ്രയേല്‍–ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഘട്ട ഫോര്‍മുലയുമായി ഇസ്രയേല്‍. ഇസ്രയേല്‍ മുന്നോട്ടുവച്ച ഫോര്‍മുല ഖത്തര്‍ വഴി ഹമാസിനെ അറിയിച്ചു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് ഇസ്രയേല്‍ മുന്നോട്ട് വച്ചിട്ടുള്ളത്. അതേസമയം വെടിനിര്‍ത്തല്‍ ഉപാധികള്‍ അംഗീകരിക്കാന്‍ ഇരുകൂട്ടരും തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
ആറു ആഴ്ചകളിലായി നടത്തുന്ന ആദ്യഘട്ടത്തില്‍ തന്നെ സമ്പൂര്‍ണമായും വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍ വരുത്തണമെന്നതാണ് ഇസ്രയേല്‍ മുന്നോട്ടു വച്ച ഉപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒപ്പം ആദ്യഘട്ടത്തില്‍ തന്നെ ഗുരുതരാവ്സഥയിലുള്ളവരും സ്ത്രീകളുമായിട്ടുള്ള ബന്ദികളെ ഇസ്രയേല്‍ പുറത്തുവിടും. ദിവസേന 600 ട്രക്കുകളിലായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതും ആദ്യഘട്ടത്തില്‍ നടപ്പാക്കും. ഗാസയില്‍ നിന്ന് മുഴുവന്‍ ഇസ്രയേല്‍ സൈന്യത്തെയും പിന്‍വലിക്കുമെന്നതാണ് രണ്ടാംഘട്ടത്തില്‍ ഏറ്റവും പ്രധാനം.
പുരുഷന്‍മാരുള്‍പ്പടെയുള്ള എല്ലാ ബന്ദികളെയും ഈ ഘട്ടത്തില്‍ പറഞ്ഞുവിടും. മൂന്നാം ഘട്ടത്തിലാണ് ഗാസയെ പൂര്‍വ സ്ഥിതിയിലെത്തിക്കുന്ന നടപടികള്‍. ഇതിനായി ആശുപത്രികള്‍, സ്കൂളുകള്‍, വീടുകള്‍ എന്നിവ നിര്‍മിക്കും. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയായിരിക്കും മൂന്നാംഘട്ടം നടപ്പാക്കുക. അതേസമയം വെടിനിര്‍ത്തല്‍ ഉപാധികള്‍ അംഗീകരിക്കാന്‍ ഇരുകൂട്ടരും തയാറാകണമെന്നും അമേരിക്കയുടെ നയതന്ത്ര ഇടപ്പടലുകളുടെ ഭാഗമായാണ് ഇസ്രയേല്‍ ഫോര്‍മുലയെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അവകാശപ്പെട്ടു.