ടെൽ അവീവ്: ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സിൽ പങ്കിട്ട ഒരു പ്രസ്‌താവനയിലാണ് ഐഡിഎഫ് വ്യക്തമാക്കിയത്.
ഹിസ്ബുള്ളയുടെ മുൻ സെക്രട്ടറി ജനറൽ ഹസൻ നസ്‌റുള്ള സെപ്റ്റംബറിൽ കൊല്ലപ്പെട്ടതിന് ശേഷം, ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവൻ സഫീദ്ദീനെ ആണ് പിൻഗാമിയായി കണക്കാക്കിയിരുന്നത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത കമാൻഡർമാർ ഉൾപ്പെടെയുള്ള 25 ലധികം അംഗങ്ങൾ ആക്രമണം നടത്തുമ്പോൾ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി ഐഡിഎഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
Also Read: സംഘര്‍ഷങ്ങള്‍ക്കിടയിലും ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രയേല്‍ അഞ്ചാമത്
ആക്രമണത്തെ തുടർന്ന് സഫീദ്ദീനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സഫീദ്ദീന്‍റെ മരണം സ്ഥിരീകരിക്കുന്ന ഒരു പ്രസ്‌താവനയും ഹിസ്ബുള്ള ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹസൻ നസ്‌റുള്ളയുടെ ബന്ധുവായിരുന്നു ഹാഷിമെന്നാണ് ഐഡിഎഫ് പറയുന്നത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
ലെബനീസിന്‍റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയേ എന്ന പ്രദേശത്തായിരുന്നു ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. അതേസമയം, സഫീദ്ദീൻ കൂടി കൊല്ലപ്പെട്ടതോടെ ഹിസ്ബുള്ളയുടെ ഇനിയുള്ള മുതിർന്ന നേതാവ് നയീം ക്വാസേമാണ്. നിലവിൽ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ക്വാസേം. നസ്‌റുള്ളയുടെ മരണത്തിന് ശേഷം ക്വാസേമാണ് ഹിസ്ബുള്ളയുടെ മുഖമായി ലബനാനിൽ നിറഞ്ഞു നിൽക്കുന്നത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് 2017 ൽ ഹാഷിം സഫീദ്ദീനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഏറ്റവും മുതിർന്ന സൈനിക രാഷ്ട്രീയ ഫോറമായ ഷൂറ കൗൺസിലിലെ അംഗമായിരുന്നു ഹാഷിം സഫീദ്ദീൻ.