ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം വ്യാപകമായി തുടരുന്നു. ഗസ്സയിൽ ഇസ്രായേൽ തോൽക്കുകയാണെന്ന് മുൻ പ്രതിരോധ മന്ത്രി പറഞ്ഞു. ജെനിനിൽ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഹൈഫയിലും ചെങ്കടലിലും രണ്ട് കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം.
ഇസ്രായേൽ, ലെബനാൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം രൂക്ഷം. അമേരിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ലെബനാൻ യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. യുദ്ധം ഒഴിവാക്കാൻ നയതന്ത്ര നീക്കം തുടരുമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും അറിയിച്ചിട്ടുണ്ട്.
ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ മുപ്പത് മിസൈലുകൾ അയച്ച് ഹിസ്ബുല്ല. ആക്രമണത്തെ തുടർന്ന് ഇസ്രായേൽ പ്രദേശങ്ങളിൽ തീപിടിത്തം ഉണ്ടായി. തെക്കൻ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗൺ ഗ്രാമത്തിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ് ഹിസ്ബുല്ലയുടെആക്രമണം.
വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനിക സംഘത്തിനു നേരെ പോരാളികളുടെ ബോംബ് സ്ഫോടനം. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടി രഹസ്യാന്വേഷണ വിഭാഗം സ്‌നൈപ്പർ ടീം കമാൻഡർ അലോൺ സാഗിയു കൊല്ലപ്പെട്ടു. 16 സൈനികർക്ക് പരിക്കുണ്ട്. .
66 വയസുള്ള ഫലസ്തീൻ വനിതക്ക് നേരെ സൈന്യം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജബലിയ അഭയാർഥി ക്യാമ്പിലെ വീട്ടിൽ വെച്ചാണ് ക്രൂരമായ സംഭവം. ചെങ്കടലിലും ഹൈഫയിലും രണ്ട് ഇസ്രായേൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഹൂതികൾ.