ഗസ്സ: ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. മരണപ്പെട്ടവർ നിരവധി പേർ. വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. റഫയിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ.
ഇസ്രായേൽ- ലബനാൻ സംഘർഷം യുദ്ധമാവാതിരിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമം തുടരുകയാണ്. ഇസ്രായേൽ- ലബനാൻ യുദ്ധസാഹചര്യം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ആരും തന്നെ യുദ്ധവ്യാപ്തി ആഗ്രഹിക്കുന്നില്ലെന്നും ഇരുപക്ഷവും സംയമനം പുലർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഗസ്സയിലെ വെടിനിർത്തൽ യാഥാർഥ്യമായാൽ ലബനാൻ, ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും അന്തർദേശീയ സമൂഹം സമാധാനശ്രമം ഊർജിതമാക്കണമെന്നും യൂറോപ്യൻ യൂണിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു.
മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി മേഖലയ്ക്കില്ലെന്നും രാഷ്ട്രീയ പ്രശ്നപരിഹാരമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും ബോറൽ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അടച്ചിട്ട മുറികൾക്കുള്ളിലെ ചർച്ച വിജയിച്ചില്ലെങ്കിൽ കടുത്ത തീരുമാനവുമായി മുന്നോട്ടുപോവുമെന്നും നെതന്യാഹു. തങ്ങളുടെ സൈനിക താവളങ്ങൾ ഇസ്രായേലിന് തുറന്നുകൊടുക്കില്ലെന്ന് ലബനാനിലെ സൈപ്രസ് അംബാസഡർ പറഞ്ഞു. ഇസ്രായേലിന് സൈനിക സഹായം നൽകിയാൽ സൈപ്രസിനെ വെറുതെവിടില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞദിവസം താക്കീത് ചെയ്തിരുന്നു.
അതിനിടെ, തെക്കൻ ലബനാനിലെ ബിന്റ് ജെബീൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന് തീ പടർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലബനാൻ പ്രാദേശിക മാധ്യമങ്ങൾ. കഫാർ കില, ബുർജ് അൽ- മുലൂക്ക്, ടാലെറ്റ് അൽ- അസീസിയ, മർജയൂൺ പ്ലെയിൻ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ഷെല്ലാക്രമണം. മെതുല്ലയിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേരെ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം നടന്നു. ഹിസ്ബുല്ല അയച്ച മൂന്ന് റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചു.
ആയുധവിതരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ നേതാക്കളുമായി നടന്ന ചർച്ചയിൽ നിർണായക പുരോഗതിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. നെതന്യാഹുവിന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെങ്കിലും ഇസ്രായേൽ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ ആയുധങ്ങളും നൽകുമെന്ന് ബൈഡൻ ഭരണകൂടം യോവ് ഗാലന്റിന് ഉറപ്പുനൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിലേക്ക് പരമാവധി സഹായം എത്തിക്കാൻ യോവ് ഗാലന്റിനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ്. ഇതിനിടെ, ഹൈഫ തുറമുഖത്ത് ഇസ്രായേൽ കപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂത്തികൾ അറിയിച്ചു.