ഗാസ: ഗാസയിലുടനീളം ഇന്നും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ അധിനിവേശ സേന. ഗാസ സിറ്റി, മഗാസി ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു
ഗാസ സിറ്റിയിലെ ശൈഖ് റദ്വാന്‍ മേഖലയില്‍ ഒരു വീടിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ ഗാസയിലെ മഗാസി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും അനേകംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദേര്‍ അല്‍ബലാഹിന് സമീപമുള്ള അല്‍ ഖസ്തല്‍ ടവേഴ്സില്‍ അപ്പാര്‍ട്ട്മെന്റിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങകളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലെ അഞ്ച്, ഒമ്പത് ബ്ലോക്കുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ബ്ലോക്ക് ഒന്‍പതില്‍ അച്ഛനും മകനും കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോക്ക് അഞ്ചില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് നേരെ നടന്ന ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ, ഗാസയിലെ ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവുമടക്കം നിര്‍ണായക സഹായ വസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമം ഇസ്രായേല്‍ തടയുകയാണെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം തുടക്കം മുതല്‍ മിക്ക സഹായ വാഹനങ്ങള്‍ക്കും ഇസ്രായേല്‍പ്രവേശനം ഇസ്രായേല്‍ നിഷേധിച്ചതായി യു.എന്‍ ഓഫിസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതിനിടെ നാല് ദിവസത്തിനിടെ ഇസ്രായേലി ആക്രമണങ്ങളില്‍ 198 പേര്‍ ഗസ്സയില്‍ കൊല്ലപ്പെടുകയും 430 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആഗസ്റ്റ് ഒന്നിനും 11നും ഇടയില്‍ 85 സഹായ ദൗത്യങ്ങളില്‍ 32 എണ്ണത്തിനും വടക്കന്‍ ഗാസയിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ അധികൃതര്‍ നിഷേധിച്ചു. തെക്കന്‍ ഗാസയിലേക്കുള്ള 122 സഹായ ദൗത്യങ്ങളില്‍ 36 എണ്ണവും തടഞ്ഞു. നിരന്തരം പലായനത്തിന് വിധേയമാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ തടയുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്ന് യു.എന്‍ ചൂണ്ടിക്കാട്ടി.