അതിര്‍ത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

അതിര്‍ത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

ഗാസ സിറ്റി: ഗാസയിലെ കൂട്ടക്കുരുതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ തന്നെ , അതിര്‍ത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ജെറ്റ് വിമാനവും ആയുധസംഭരണ കേന്ദ്രവും തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. തിരിച്ചടിയായി വടക്കന്‍ ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ലബനനിലേക്കുള്ള ആക്രമണം ഒഴിവാക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തുടര്‍ ആക്രമണം നടത്തി ലബനനെ മറ്റൊരു ഗാസയാക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. യുദ്ധം മധ്യപൗരസ്ത്യദേശമാകെ വ്യാപിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലബനനുമായി സംഘര്‍ഷം ഒഴിവാക്കണമെന്ന് അമേരിക്കയും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ആക്രമണം കൂടുതല്‍ രൂക്ഷമാക്കുമെന്ന സൂചനകളാണ് ഇസ്രയേല്‍ നല്‍കുന്നത്. ആക്രമണം വ്യാപിപ്പിച്ചാല്‍ ഇസ്രയേലിന്റെ ഒരു ഭാഗവും സുരക്ഷിതമായിരിക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നാസറുള്ള മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ഗാസയില്‍ മവാസി അഭയാര്‍ഥി ക്യാമ്പിലേക്ക് നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്ക്. ഗാസ സിറ്റിയിലെ അല്‍ ഷാതി ക്യാമ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് യു എന്‍ പ്രതികരിച്ചു. പലസ്തീന് അംഗീകാരം നല്‍കി അര്‍മേനിയ പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് അര്‍മേനിയ. അന്താരാഷ്ട്ര നിയമങ്ങള്‍ അംഗീകരിച്ചും രാജ്യങ്ങളുടെ പരമാധികാരവും സമാധാനപരമായ സഹവര്‍ത്തിത്വവും അംഗീകരിച്ചുമാണ് നടപടിയെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സാധാരണക്കാര്‍ക്കുനേരെയും ജനവാസമേഖലകളിലേക്കും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച അര്‍മേനിയ, സായുധാക്രമണങ്ങളില്‍ മനുഷ്യരെ കവചങ്ങളാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

Top