ഇസ്രയേല്‍ സൈനിക ആക്രമണം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു

ഇസ്രയേല്‍ സൈനിക ആക്രമണം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു
ഇസ്രയേല്‍ സൈനിക ആക്രമണം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു

ഗാസ: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയിട്ടുള്ള സൈനിക നടപടിയില്‍ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച മരണം 40005 ആയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ.

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി റാഫായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്നതാണ് ശ്രദ്ധേയം. തങ്ങളുള്‍പ്പടെ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി ഗാസയിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ തടസ്സം നില്‍ക്കുന്നതിനാല്‍ കൃത്യമായ കണക്കുകള്‍ പുറംലോകത്തേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും നിലച്ചതോടെ മരണത്തിന്റെ കണക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേന്ദ്രീകൃത സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.

Top