CMDRF

ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ആക്രമിക്കാനാണ് ഇസ്രയേല്‍ സൈന്യം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം.

ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും
ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും

രു കാര്യം എന്തായാലും ഇപ്പോൾ വ്യക്തമായി കഴിഞ്ഞു. അത് ഇസ്രയേൽ ഇറാനെ ആക്രമിക്കും എന്നത് തന്നെയാണ്. അങ്ങനെ ഒരാക്രമണം ഉണ്ടായാൽ വൻ തിരിച്ചടി ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നതും ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ അഞ്ചിനാണ്. അതിന് ശേഷമാണ് ആക്രമണം ഉണ്ടാകുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ഇറാനെതിരെ ഇസ്രയേൽ നടത്താൻ പോകുന്ന ആസൂത്രിതമായ വ്യോമാക്രമണങ്ങൾ ഇസ്രയേലിന്റെ സൈനികശക്തിയെ ലോകത്തിന് മനസ്സിലാക്കി കൊടുക്കുമെന്നാണ്’ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെടുന്നത്. ഇക്കാര്യം ദി ഗാർഡിയൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: ഇറാനെ ആക്രമിച്ചാൽ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും, സി.ഐ.എ മുന്നറിയിപ്പ് ഫലം കണ്ടു !

ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിന് ഇതുവരെ തിരിച്ചടി നൽകാൻ കഴിയാതിരുന്നത് ഇസ്രയേലിന് ലോകത്തിന് മുന്നിൽ നാണക്കേട് ഉണ്ടാക്കിയതായാണ് ഇസ്രയേൽ ഭരണകൂടം കരുതുന്നത്.

അതുകൊണ്ട് തന്നെയാണ് അമേരിക്ക എതിർപ്പറിയിച്ചിട്ടും പ്രതികാര നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോകുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ആക്രമിക്കാനാണ് ഇസ്രയേൽ സൈന്യം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം.

ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഒക്ടോബർ 23ന് ഇസ്രയേൽ പ്രതിരോധമന്ത്രി വ്യോമതാവളത്തിൽ നേരിട്ടെത്തി സൈനികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇസ്രയേലിനെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരു ശത്രുവും കനത്ത വില നൽകേണ്ടിവരുമെന്നാണ് അവിടെവച്ച് യോവ് ഗാലന്റ് തുറന്നടിച്ചിരിക്കുന്നത്.

Yoav Gallant- Minister of Defense 

ഇസ്രയേലിന്റെ ടാർഗെറ്റ് ലിസ്റ്റ് സംബന്ധമായി ഇതിനകംതന്നെ ഇസ്രയേൽ ഭരണകൂടവും അമേരിക്കയും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇറാന്റെ എണ്ണ – വ്യവസായ ഇൻഫ്രാസ്ട്രക്ചറിലോ അതിന്റെ ആണവ സംവിധാനത്തേയോ ആക്രമിക്കരുതെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ട് വച്ചിരിക്കുന്നത്. അത് എത്രത്തോളം ഇസ്രയേൽ അനുസരിക്കുമെന്നതിൽ നിലവിൽ അമേരിക്കയ്ക്ക് തന്നെ ആശങ്കയുണ്ട്.

ഇസ്രയേൽ ഇറാനെ ആക്രമിക്കുന്നതോടെ അതൊരു മൂന്നാം ലോക മഹായുദ്ധമായി മാറാനുള്ള സാധ്യതയും ഏറുകയാണ്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നത് എന്ന് തന്നെ വേണം ഈ ഘട്ടത്തിൽ കരുതാൻ.

Also Read: മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

‘തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണത്തിനെതിരെയും വലിയ രൂപത്തിൽ തിരിച്ചടിക്കുമെന്ന്’ ഇറാനും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാവശ്യമായ തയ്യാറെടുപ്പുകളും ഇറാൻ സൈന്യം നടത്തിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുടെ പിൻബലമില്ലാതെ, ഇസ്രയേലിന് എന്തായാലും ഇറാനോട് യുദ്ധം ചെയ്യാൻ സാധിക്കുകയില്ല. ഇസ്രയേലിന് ആവശ്യമായ ആയുധങ്ങൾ നൽകുന്നത് അമേരിക്കയാണ്. അതേസമയം, ഇസ്രയേൽ ടെക്‌നോളജി ഉപയോഗിക്കുന്ന അമേരിക്കയ്ക്ക് അവരെ കൈവിടാനും കഴിയുകയില്ല. അങ്ങനെ പിൻമാറിയാൽ ‘പണികിട്ടുക’ അമേരിക്കയ്ക്ക് കൂടിയാണ്. അമേരിക്ക അവരുടെ രാജ്യത്തിന്റെ ഭാഗമായി തന്നെ ഇസ്രയേലിനെ കാണുന്നതിനാൽ അവർക്കൊപ്പം തന്നെ അവസാനം വരെയും നിൽക്കും. ഈ കമ്മിറ്റ്‌മെന്റ് ഉള്ളതുകൊണ്ടാണ് കപ്പൽ പടയും വൻ സൈനിക സന്നാഹങ്ങളും, ഇസ്രയേലിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ഇസ്രയേലിന്റെ അയൺ ഡോം പരാജയപ്പെട്ടിടത്ത് പ്രതിരോധ കവചം തീർക്കാനാണ് താഡ് സംവിധാനത്തെ ഇസ്രയേലിൽ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇതെല്ലാം എത്രമാത്രം ഫലപ്രാപ്തിയിൽ എത്തുമെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

ISRAEL FLAG

ഇറാൻ അയച്ച മിസൈലുകൾ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിൽ പതിച്ചതാണ് ഇസ്രയേലിന്റെ പക വർദ്ധിക്കാൻ കാരണം. ഇതിന് പിന്നാലെ ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ള അയച്ച ഡ്രോൺ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ബെഡ് റൂമിൽ പതിച്ചതും ഇസ്രയേലിന്റെ സമനില തെറ്റിച്ചിട്ടുണ്ട്. അയൺ ഡോമും, താഡും എല്ലാം തീർത്ത സുരക്ഷാ കവചം പൊട്ടിച്ചാണ്, ഈ ആക്രമണം അരങ്ങേറിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇറാനെ ഇസ്രയേൽ ആക്രമിച്ചാൽ ഏതൊക്കെ രൂപത്തിൽ തിരിച്ചടിയുണ്ടാകും എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതായിരിക്കും.

ഒരു കാര്യം എന്തായാലും ഉറപ്പാണ് ഗാസയിലും ലെബനനിലും ഇസ്രയേൽ നടത്തിയ ആക്രമണം പോലെ ഏകപക്ഷീയമായ റിസൾട്ടല്ല ഇറാനെ ആക്രമിച്ചാൽ ഉണ്ടാകാൻ പോകുന്നത്. അമേരിക്ക ഇസ്രയേലിനൊപ്പം രംഗത്തിറങ്ങിയാൽ പോലും ഇറാനെ യുദ്ധം ചെയ്ത് തോൽപ്പിക്കുക അസാധ്യമാണ്. ഭൂമിശാസ്ത്രപരമായ ഘടന തന്നെ ഇറാനെ സംരക്ഷിച്ച് നിർത്തുന്നതാണ്. അവിടെ കയറുന്ന ശത്രുക്കൾ യഥാർത്ഥത്തിൽ വലിയ കെണിയിലാണ് വീഴാൻ പോകുന്നത്. ടെക്‌നോളജിയിൽ ഇസ്രയേലും അമേരിക്കയും കേമൻമാരാണെങ്കിൽ സൈനികരുടെ പോരാട്ടവീര്യത്തിൽ പേർഷ്യൻ പോരാളികളായ ഇറാൻ സൈനികരാണ് മുന്നിലുള്ളത്. ഇതിനെല്ലാം പുറമെ, യുദ്ധം പൊട്ടിപുറപ്പെട്ടാൽ ലോകത്തിലെ പല രാജ്യങ്ങളിലും സംഘർഷം പൊട്ടിപുറപ്പെടുമെന്നതും അമേരിക്കൻ ചേരിക്ക് ഭീഷണിയാണ്.

തായ് വാനെ ചൈന പിടിച്ചെടുക്കാൻ പോകുന്നതും ദക്ഷിണ കൊറിയയെ ഉത്തരകൊറിയ ആക്രമിക്കാൻ പോകുന്നതുമെല്ലാം ഈ ഘട്ടത്തിലായിരിക്കും. യുക്രെയിനെ പൂർണ്ണമായി പിടിച്ചെടുത്ത് റഷ്യയും അമേരിക്കയെ വെട്ടിലാക്കും. ഇതോടെ പ്രതിരോധത്തിലാകാൻ പോകുന്നത് അമേരിക്കയും, അവരുടെ സഖ്യകക്ഷികളുമാണ്. തായ് വാനെ ചൈന പിടിച്ചെടുക്കുന്നതും, ദക്ഷിണകൊറിയ ആക്രമിക്കപ്പെടുന്നതുമെല്ലാം അമേരിക്കയ്ക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കും. അമേരിക്കയെ വിശ്വസിച്ച് മാത്രം മുന്നോട്ട് പോകുന്ന സഖ്യകക്ഷികൾ ചേരിമാറാനും ഇത്തരം തിരിച്ചടികൾ കാരണമാകും. ഇപ്പോൾ തന്നെ അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമായ തുർക്കി, റഷ്യയും ചൈനയും ഇന്ത്യയും നേതൃത്വം നൽകുന്ന ബ്രിക്‌സ് കൂട്ടായ്മയിൽ എത്തിക്കഴിഞ്ഞു. ഇറാൻ കൂടി അംഗമായ കൂട്ടായ്മയാണ് ഇതെന്നതും നാം ഓർക്കണം. ഇസ്രയേൽ ഇറാനെ ആക്രമിക്കരുതെന്ന് പരസ്യമായി തന്നെ തുർക്കിയും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ജി 7 നെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കൂട്ടായ്മ ആയാണ് ബ്രിക്‌സ് ഇപ്പോൾ മാറിയിരിക്കുന്നത്.

IRAN FLAG

റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ വച്ച് ഇന്ത്യ – ചൈന അതിർത്തി തർക്കം കൂടി പരിഹരിക്കപ്പെട്ടതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട്. ഇനി പഴയ ശത്രുത പറഞ്ഞ് ചൈനയ്‌ക്കെതിരെ ഇന്ത്യയെ ഒരു ‘ടൂളാക്കാൻ’ അമേരിക്കയ്ക്ക് എന്തായാലും കഴിയുകയില്ല.

രാജ്യത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്ന സിഖ് ഭീകരരെ സംരക്ഷിക്കുന്ന കാനഡയെ നിലയ്ക്ക് നിർത്താൻ തയ്യാറാവാത്ത അമേരിക്കയോടുള്ള. ഇന്ത്യയുടെ മധുരമായ പ്രതികാരം കൂടിയാണിത്. ചൈനയുമായുള്ള ഏത് തർക്കവും പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്ന് ഇന്ത്യയ്ക്ക് വാക്ക് നൽകിയതും അതിന് മുൻകൈ എടുത്തതുമെല്ലാം റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനാണ്. ഈ ഇടപെടലിന്റെ ഭാഗമായാണ് ഒത്തുതീർപ്പും സംഭവിച്ചിരിക്കുന്നത്. ഇവിടെ പുതിയ ഒരു ലോകക്രമത്തിനാണ് തുടക്കമായിരിക്കുന്നത്.

Also Read: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ശത്രുരാജ്യങ്ങൾക്ക് ചുറ്റും തീയിട്ട് മുതലെടുപ്പ് നടത്താൻ പഴയപോലെ ഇനി അമേരിക്കയ്ക്ക് എന്തായാലും കഴിയുകയില്ല. തായ് വാനെ ചൈന പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കാൻ മാത്രമേ തൽക്കാലം അവർക്ക് കഴിയൂ.

ഒരേസമയം… സഖ്യകക്ഷികളായ ദക്ഷിണ കൊറിയ, തായ് വാൻ, യുക്രെയിൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ യുദ്ധമുഖത്തേക്ക് എത്തപ്പെടുമ്പോൾ അവരെ സംരക്ഷിക്കാനും അവർക്ക് വേണ്ടി പോരാടാനും ആയുധങ്ങൾ വിതരണം ചെയ്യാനും എല്ലാം… അമേരിക്കയുടെ പക്കൽ അത്ഭുതസിദ്ധി ഒന്നുമില്ലെന്നതും നാം തിരിച്ചറിയണം. പഴയ പ്രതാപത്തിന്റെ കരുത്തിൽ മാത്രമാണ് അമേരിക്ക ഇപ്പോഴും പിടിച്ച് നിൽക്കുന്നത്. ഇതെല്ലാം ചീട്ടുകൊട്ടാരം പോലെ വീണ് തരിപ്പണമാകാൻ അധികം സമയമൊന്നും വേണ്ടിവരില്ല. തിരിച്ച് ഒരു ആണവബോംബും വീഴില്ലെന്ന ഒറ്റ ഉറപ്പിലാണ് പണ്ട് ജപ്പാനിൽ അമേരിക്ക അത് പ്രയോഗിച്ചിരുന്നത്. എന്നാൽ പുതിയ കാലത്ത് അതല്ല സ്ഥിതി. കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയക്ക് വരെ ആണവായുധമുള്ള കാലമാണിത്. അമേരിക്ക ചിന്തിക്കുന്നതിന് മുൻപ് അവരത് പ്രയോഗിച്ചിരിക്കും. അതാണ് അവസ്ഥ. അതുകൊണ്ട്, ഇസ്രയേൽ ആയാലും അമേരിക്കയായാലും സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. ലോകജനത ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

വീഡിയോ കാണാം

Top