ഗസ സിറ്റി: ഗസ സിറ്റിയിലും നുസ്‌റത്തിലും ഒറ്റദിവസംകൊണ്ട് അഞ്ച് മാധ്യമ പ്രവര്‍ത്തകരെ കൊന്ന് ഇസ്രായേല്‍ സൈന്യം. നുസ്‌റത്തില്‍ മൂന്നുപേരും ഗസ സിറ്റിയില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറില്‍ 29 പേര്‍കൂടി കൊല്ലപ്പെട്ട് ആകെ മരണം 38,098 ആയി. 87,705 പേര്‍ക്ക് പരുക്കേറ്റു.
ബന്ദികളാക്കിയ 15 പലസ്തീന്‍കാരെ മോചിപ്പിച്ചശേഷം ഇസ്രായേല്‍ സൈന്യം അവര്‍ക്കുനേരെ ബോംബെറിഞ്ഞെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പുറത്തുവന്നു. ബന്ദികളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. ‘ഇസ്രയേല്‍ സൈന്യം ഞങ്ങളെ തടവിലാക്കി ക്രൂരമായി മര്‍ദിച്ചിരുന്നു. നാലുദിവസത്തിന് ശേഷം മോചിപ്പിച്ചു. അവിടെനിന്നും നടന്നു നീങ്ങുന്നതിനിടെ ഞങ്ങള്‍ക്കുനേരെ ഗ്രനേഡും ബോംബും എറിഞ്ഞു.’ പരുക്കേറ്റ് നാസര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഫരീദ് സോബ് പറഞ്ഞു.
സ്‌കൂളിന് നേരെ വ്യോമാക്രമണം; 16 മരണം
ഗസയില്‍ സ്‌കൂളിനുനേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. 75പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട ഏഴായിരം പേരെ പാര്‍പ്പിച്ച നുസ്റത്തിലെ യുഎന്‍ അഭയാര്‍ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരെ അല്‍ അഖ്സ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.