ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ ഇടപെടൽ മാത്രം പോരെന്ന നിലപാടിലാണ് ഇസ്രയേൽ ഭരണകൂടം ഇപ്പോൾ എത്തിചേർന്നിരിക്കുന്നത്. വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാവണമെങ്കിൽ റഷ്യ കനിയണമെന്നതാണ് അവസ്ഥ. റഷ്യയുടെ മധ്യസ്ഥത വേണമെന്ന നിർദ്ദേശം ഇസ്രയേൽ മുന്നോട്ട് വെച്ചതായാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാധാന ശ്രമങ്ങളിൽ റഷ്യ പങ്കാളിയാകണമെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നതായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വൈനെറ്റ്’ ന്യൂസും മറ്റ് നിരവധി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പ്രകാരം റഷ്യയുടെ ഇടപെടൽ ഭാവിയിലെ ഏതൊരു കരാറിനും സ്ഥിരത നൽകുമെന്നും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നുമാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്.
കരാർ നടപ്പാക്കുന്നതിലും സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നതിലും റഷ്യയ്ക്ക് പ്രത്യേക പങ്കുണ്ടെന്നാണ് ഒരു ഉന്നത ഇസ്രയേൽ ഉദ്യോഗസ്ഥൻ വൈനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കക്കാർക്ക് മുൻഗണന നൽകുമ്പോൾ പോലും ലെബനനുമായുള്ള ഏതൊരു കരാറിൻ്റെയും സ്ഥിരതയ്ക്ക് ഇറാനുമായി റഷ്യയ്ക്കുള്ള നല്ല ബന്ധം അത്യന്താപേക്ഷിതമാണെന്ന് ഇസ്രയേൽ ഭരണകൂടം തിരിച്ചറിഞ്ഞതായാണ് ഇക്കാര്യത്തിൽ ന്യൂസ് വീക്കിനോട് പ്രതികരിച്ച മുൻ ഇസ്രയേൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഓർണ മിസ്രാഹി ചൂണ്ടിക്കാണിക്കുന്നത്.
Also Read: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ‘ഉപരോധ നയം’ ആയുധമാക്കുന്ന അമേരിക്ക
റഷ്യ, യുഎൻ സെക്യൂരിറ്റി കൗൺസിലിലെ പ്രധാനി ആയതിനാൽ തന്നെ ഇസ്രയേലിന് അനുകൂലമായ എന്ത് പ്രമേയം കൊണ്ട് വന്നാലും റഷ്യയ്ക്ക് അത് തടയാൻ കഴിയുമെന്നതും ഇസ്രയേലിൻ്റെ മനംമാറ്റത്തിന് കാരണമായതായാണ് ഓർണ മിസ്രാഹിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിനെല്ലാം പുറമെ ഇസ്രയേലിനെ ഇപ്പോൾ ശരിക്കും ആശങ്കപ്പെടുത്തുന്നത് റഷ്യ- ഇറാൻ ബന്ധമാണ്. ഈ ബന്ധം കൂടുതൽ ശക്തമായി സൈനിക കരാറിൽ എത്തുമോ എന്നതാണ് ഇസ്രയേൽ ഭയക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഇറാനെ ആക്രമിക്കുന്നത്, ചിന്തിക്കാൻ പോലും ഇസ്രയേലിന് സാധിക്കുകയില്ല.
കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയയുമായി റഷ്യ സൈനിക കരാറിൽ ഒപ്പിട്ടത് അടുത്തിടെയാണ്. ഈ കരാർ പ്രകാരം റഷ്യയ്ക്കും ഉത്തര കൊറിയക്കും എന്ത് സുരക്ഷാ ഭീഷണി ഉണ്ടായാലും ലഭ്യമായ എല്ലാ സൈനിക സഹായവും പരസ്പരം നൽകണമെന്നാണ് കരാറിൽ പറയുന്നത്. അതായത്, എത് ശത്രു രാജ്യം ആക്രമിക്കാൻ വന്നാലും, അവരെ തുരത്താനും, പ്രത്യാക്രമണം നടത്താനും, ആയുധങ്ങളും സൈനികരെയും നൽകുന്ന ഉടമ്പടിയാണിത്. തകർന്ന് കിടക്കുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക മേഖലയ്ക്കും റഷ്യയുമായുള്ള ഇടപാടുകൾ പുതിയ ഉണർവ്വ് നൽകും.
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് ഉൾപ്പെടെയുള്ള റഷ്യയുടെ ആധുനിക ആയുധങ്ങളും ഈ കരാറിൻ്റെ പിൻബലത്തിൽ താമസിയാതെ ഉത്തര കൊറിയക്ക് ലഭിക്കും. ആണവായുധ മേഖലയിൽ ശക്തരാകാൻ ശ്രമിക്കുന്ന ഉത്തര കൊറിയക്ക് അത് നേടിയെടുക്കാനും റഷ്യയുടെ സഹായം കൊണ്ട് എളുപ്പത്തിൽ സാധിക്കും. ഈ യാഥാർത്ഥ്യം അമേരിക്കയെ പോലെ തന്നെ ഇസ്രയേലിനെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. റഷ്യയുമായി ഇറാൻ ഒരു സൈനിക കരാറിൽ എത്തുന്നത് ചിന്തിക്കാൻ പോലും ഇസ്രയേലിന് സാധിക്കുകയില്ല. ഇസ്രയേൽ ആക്രമിക്കാൻ ചിന്തിക്കുന്നതിന് മുൻപ് ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ച് മാറ്റാൻ ശേഷിയുള്ള രാജ്യമാണ് റഷ്യ.
ലോകത്തിൽ ഏറ്റവും കൂടുതൽ ആണവായുധം കൈവശം വെയ്ക്കുന്ന റഷ്യയുമായി ഇറാന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. യുക്രെയിനുമായുള്ള യുദ്ധത്തിൽ പ്രയോഗിക്കാൻ അനവധി ഡ്രോണുകളാണ് ഇറാൻ റഷ്യക്ക് നൽകിയിരുന്നത്. ഇതിന് പകരമായി വൻ പ്രഹരശേഷിയുള്ള നിരവധി ആയുധങ്ങൾ റഷ്യയും ഇറാന് നൽകിയിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇറാൻ ഇസ്രയേലിനെ ആക്രമിക്കാനും ഒരുങ്ങുന്നത്.നല്ല ബന്ധത്തിൻ്റെ പേരിൽ ഇറാന് ആയുധങ്ങൾ നൽകിയ റഷ്യ ആ രാജ്യവുമായി സൈനിക കരാറിൽ ഏർപ്പെട്ടാൽ, അവർക്ക് നേരെ ഉണ്ടാകുന്ന ഏത് ആക്രമണവും സ്വന്തം രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണമായി കണ്ട് തിരിച്ചടിക്കേണ്ടതായി വരും. അത്തരമൊരു സാഹചര്യം എന്തായാലും ഇസ്രയേൽ ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്നു വേണം കരുതാൻ.
ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിയിൽ വരെ ഹിസ്ബുള്ളയുടെ ഡ്രോണുകൾ എത്തി പൊട്ടിത്തെറിച്ചതു കൊണ്ടാണ് ലെബനനിലെ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇസ്രയേൽ പച്ചക്കൊടി കാട്ടിയിരുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ലെബനൻ സർക്കാരുമായി നടത്തുന്ന ചർച്ച, നിർണ്ണായക ഘട്ടത്തിൽ എത്തിയതായാണ് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിനും ലെബനനുമിടയിൽ മധ്യസ്ഥത വഹിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ദൂതൻ ആമോസ് ഹോഷ്‌സ്റ്റീൻ ബെയ്‌റൂട്ട് സന്ദർശനത്തിനിടെ നടത്തിയ ചർച്ചയിൽ പ്രാഥമിക കരാറുകളിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
ലെബനൻ -ഇസ്രയേൽ അതിർത്തിയിൽ നിന്നും ഹിസ്ബുള്ള സേനയെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന 2006-ലെ യുഎൻ സെക്യൂരിറ്റി കൗൺസിലിൻ്റെ പ്രമേയം നടപ്പാക്കുന്നതും ഈ കരാറിൽ ഉൾപ്പെടുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൻ്റെയോ ലെബനൻ്റെയോ തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംവിധാനം അവതരിപ്പിക്കുക എന്നതിലുപരി ഹിസ്ബുള്ളയെ വീണ്ടും ആയുധമെടുക്കുന്നതിൽ നിന്നും തടയുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആത്യന്തികമായി ഹിസ്ബുള്ളയുടെ നിരോധനമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്.
Also Read: പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’
ഈ കരാർ ഒപ്പിട്ടു കഴിഞ്ഞാൽ, 60 ദിവസത്തെ വെടിനിർത്തൽ നിലവിൽ വരികയും, ഈ സമയത്ത് പ്രദേശത്തിൻ്റെ മേൽനോട്ടം വഹിക്കാനുള്ള പുതിയ സംവിധാനം രൂപീകരിക്കുമെന്നുമാണ് ഇസ്രയേലി ഉദ്യോഗസ്ഥർ വൈ നെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 5 ന് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുൻപ് കരാർ അന്തിമമാക്കുന്നതിനായി ഹോഷ്‌സ്റ്റീൻ ഇസ്രയേലിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വ്യവസ്ഥതകൾ ലെബനൻ ഭരണാധികാരി അംഗീകരിച്ചാലും ഹിസ്ബുള്ള അംഗീകരിക്കണമെന്നില്ല. ഹിസ്ബുള്ള അംഗീകരിച്ചില്ലെങ്കിൽ, ഒരു കരാറും നടപ്പാകാനും പോകുന്നില്ല. ഹിസ്ബുള്ളയെ ധിക്കരിച്ച് ഒരു ഭരണാധികാരിക്കും ലെബനനിൽ വാഴാനും കഴിയുകയില്ല.
ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാനാണ്. ഇറാൻ എന്താണോ പറയുന്നത് അത് മാത്രമാണ് ഹിസ്ബുള്ള നേതൃത്വം ചെയ്യുക.ഹിസ്ബുള്ളയെ ഒത്തുതീർപ്പിന് പ്രോത്സാഹിപ്പിക്കുന്നതായി റഷ്യയുടെ സഹായം മധ്യസ്ഥർ മുഖേന, ഇസ്രയേൽ തേടിയതായും കരാർ സംബന്ധിച്ച്, ഇറാനുമായി മോസ്‌കോ ഇതിനകം തന്നെ ചർച്ച ചെയ്തിട്ടുണ്ടെന്നുമാണ് പാശ്ചാത്യ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സമാധാന പ്രക്രിയയിൽ റഷ്യയുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ റഷ്യയുടെ നിലപാട് വ്യക്തമാണ്.
Also Read: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
ലെബനനിൽ നിന്നും ഗാസയിൽ നിന്നും ഇസ്രയേൽ സേന പിൻമാറണമെന്നത് റഷ്യയുടെ ഉറച്ച നിലപാടാണ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും റഷ്യയും ഇറാനും തയ്യാറാവുകയുമില്ല. അതായത് ഇറാൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിലപാടും റഷ്യ സ്വീകരിക്കില്ലെന്നത് വ്യക്തം. തിരക്കിട്ട് പ്രശ്നപരിഹാരത്തിനായി അമേരിക്ക ഇപ്പോൾ മുന്നിട്ടിറങ്ങിയതും ഇസ്രയേൽ അതിന് വഴങ്ങിയതും കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടു തന്നെയാണ്. അതിനാകട്ടെ, കാരണങ്ങളും പലതാണ്. റഷ്യ – യുക്രെയിൻ സംഘർഷവും ഇസ്രയേൽ- ഇറാൻ സംഘർഷവും മൂന്നാം ലോകമഹായുദ്ധത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നതാണെന്ന് ഏറ്റവും നന്നായി അറിയാവുന്നതും അമേരിക്കയ്ക്കു തന്നെയാണ്.
പരാജയം സമ്മതിച്ച ജപ്പാന് മുകളിൽ അണുബോംബിട്ട്, ലോകശക്തിയായ ചരിത്രമുള്ള അമേരിക്കയ്ക്ക്, പുതിയ കാലത്ത്, അത്തരം ആക്രമണങ്ങൾ നടത്താൻ കഴിയില്ല. കാരണം അമേരിക്ക ജപ്പാനിൽ അണുബോംബിട്ടപ്പോൾ, അന്ന് ആ രാജ്യത്തിന് മാത്രമാണ് ആ നശീകരണ ആയുധമുണ്ടായിരുന്നത്. എന്നാൽ, പുതിയ കാലത്ത്, അത്തരം ഒരു നീക്കവും നടക്കുകയില്ല. ഇന്ന്, ആണവ മിസൈലുകൾ കൈവശമുള്ള ഉത്തര കൊറിയയെ വരെ പേടിച്ച് നിൽക്കുന്ന രാജ്യമായി അമേരിക്ക മാറി കഴിഞ്ഞു. ലോകത്ത് ആദ്യമായി ആണുബോംബ് കണ്ടെത്തിയ രാജ്യം അമേരിക്ക ആണെങ്കിലും, ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള രാജ്യം റഷ്യയാണ് എന്നതും, ഒരു യാഥാർത്ഥ്യമാണ്. ലോകം ചുട്ടെരിക്കാൻ ശേഷിയുള്ള ആണവ മിസൈൽ കൈവശമുള്ള രാജ്യവും ഇതേ റഷ്യ തന്നെയാണ്.
Also Read: കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
ആ റഷ്യയുടെ കൂടെയാണ് ഇറാനും, ഉത്തര കൊറിയയും ചൈനയും ഇപ്പോൾ ചേർന്ന് നിൽക്കുന്നത്. യുക്രെയിനുമായുള്ള പോരാട്ടത്തിൽ, റഷ്യയ്ക്ക് ഒപ്പം ചേരാനായി ഉത്തര കൊറിയൻ സൈന്യം കൂടി എത്തിയത്, അമേരിക്കയ്ക്കും നാറ്റോ സഖ്യത്തിനും വലിയ വെല്ലുവിളിയാണ് തീർത്തിരിക്കുന്നത്. തൻ്റെ സൈന്യത്തിന് വല്ലതും സംഭവിച്ചാൽ, അമേരിക്കയിലേക്ക് ആണവ മിസൈൽ അയക്കാൻ പോലും, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ മടിക്കുകയില്ല. മുൻകോപിയായ , ചെറുപ്പക്കാരനായ ഈ ഭരണാധികാരിയെ , അതുകൊണ്ടു തന്നെ, അമേരിക്കയ്ക്ക് ഭയമാണ്. തൊട്ടടുത്ത ദിവസങ്ങളിലായി, ആണവ മിസൈലുകളുടെ പരീക്ഷണം നടത്തി, റഷ്യയും ഉത്തര കൊറിയയും പ്രഖ്യാപിച്ചതും, ആവശ്യമെങ്കിൽ അതും പ്രയോഗിക്കുമെന്നതാണ്. ഇതോടെ, യുക്രെയിൻ – റഷ്യ പോരാട്ടം തന്നെ, ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.
ഏത് നിമിഷവും യുക്രെയിൻ പൂർണ്ണമായും , റഷ്യയുടെ കൈകളിലാകും. അതോടെ, അമേരിക്കയുടെ സകല അഹങ്കാരവും തീരും. യുക്രെയിൻ… റഷ്യ പിടിച്ചെടുക്കുക എന്നതിനർത്ഥം , അമേരിക്കയും അവരുടെ സൈനിക സഖ്യവും പരാജയപ്പെട്ടു എന്നതാണ്. കാരണം, യുക്രെയിന് ആയുധങ്ങളും പണവും നൽകി, പിന്നിൽ നിന്നും നയിച്ചതു തന്നെ, നാറ്റോസഖ്യമാണ്. അമേരിക്കയുടെ മുകളിൽ ഒരു വാളായി യുക്രെയിൻ തൂങ്ങിക്കിടക്കുമ്പോൾ തന്നെയാണ് , അമേരിക്കൻ സഖ്യകക്ഷികളായ, ദക്ഷിണ കൊറിയയെയും ജപ്പാനെയും ലക്ഷ്യമിട്ട്, ഉത്തരകൊറിയ, നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഉത്തരകൊറിയ ദീർഘദൂര മിസൈൽ പരീക്ഷിച്ചിരിക്കുന്നത്, കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ്. 7000 കിലോമീറ്റർ ഉയരത്തിൽവരെ ഈ മിസൈൽ എത്തിയെന്നും, ഒരു ഉത്തര കൊറിയൻ പരീക്ഷണത്തിനുള്ള ഏറ്റവും കൂടിയ ദൂരപരിധിയാണിതെന്നുമാണ് ജപ്പാൻ പ്രതിരോധ വകുപ്പ് മന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അമേരിക്കൻ ഭൂഖണ്ഡത്തിലെത്താൻ സാധ്യതയുള്ള, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയിൽ, ഉത്തരകൊറിയ കൈവരിച്ച തുടർച്ചയായ പുരോഗതിയുടെ ഭാഗമായാണ്, വിദഗ്ദർ ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്. ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ, ഉത്തര കൊറിയ പൂർത്തിയാക്കിയിരിക്കാമെന്നാണ്, ദക്ഷിണ കൊറിയൻ സൈന്യവും വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയും ചൈനയുമാണ്, ഉത്തര കൊറിയയുടെ ഈ ആയുധ കരുത്തിന് പിന്നിലെ പ്രധാനശക്തികൾ എന്നതിൽ തന്നെ, ഈ ചേരിയുടെ താൽപ്പര്യങ്ങളും വ്യക്തമാണ്.
Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
അമേരിക്കയുടെ സംരക്ഷണത്തിൽ മുന്നോട്ട് പോകുന്ന തായ് വാൻ പിടിച്ചെടുക്കുക എന്നത് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ടു തന്നെ, പുതിയ സാഹചര്യത്തിൽ, ഈ ദ്വീപ് രാഷ്ട്രത്തിന് ചുറ്റും , ചൈനീസ് യുദ്ധക്കപ്പലുകൾ തമ്പടിച്ചിട്ടുണ്ട്. ഇപ്പോൾ ഇറാനും, ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറായി നിൽക്കുകയാണ്. ഹിസ്ബുള്ളയുമായും ഹമാസുമായും ചേർന്നാണ് ഇറാൻ പദ്ധതി തയ്യാറാക്കുന്നത്. കടലിൽ ആക്രമിക്കാൻ, ഹൂതികളുടെ വലിയ ഒരു വിഭാഗവും തയ്യാറായി നിൽക്കുന്നുണ്ട്. ലെബനനിലും ഗാസയിലും നടത്തിയ കൂട്ടകുരുതിയുടെ പശ്ചാത്തലത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രിയെയും ഉന്നത സൈനിക മേധാവിയെയും ലക്ഷ്യമിട്ട് വരെ, ഹിസ്ബുള്ള യുടെയും ഹമാസിൻ്റെയും ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായി കഴിഞ്ഞു. അതായത്, ആരെയും നശിപ്പിക്കും എന്ന അവസ്ഥയാണിത്. ഇറാൻ – ഇസ്രയേൽ യുദ്ധം പൊട്ടിപുറപ്പെട്ടാൽ, ഉടൻ തന്നെ, ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ സംഘർഷമുണ്ടാകും അതല്ലെങ്കിൽ കിം ജോങ് ഉൻ ഇടപെട്ട് ഉണ്ടാക്കിയിരിക്കും.
ഈ ഘട്ടത്തിൽ ചൈന തായ്‌വാനെയും ആക്രമിച്ച് പിടിക്കും. ഇതിനെല്ലാം മുൻപ് യുക്രെയിനെ റഷ്യയും കീഴ്പ്പെടുത്തിയിട്ടുണ്ടാകും. അമേരിക്കൻ സഖ്യകക്ഷികളായ ജർമ്മനിയും ഫ്രാൻസും ബ്രിട്ടനുമെല്ലാം, നാറ്റോയുടെ കരാർ ലംഘിച്ച് മാളത്തിൽ ഒളിക്കാൻ പോകുന്നതും, ഈ ഘട്ടത്തിലായിരിക്കും. അമേരിക്കയെ ‘നമ്പി’ ഒപ്പംനിന്ന, യുക്രെയിൻ, ഇസ്രയേൽ, ദക്ഷിണ കൊറിയ, തായ് വാൻ എന്നീ രാജ്യങ്ങളെ, സംരക്ഷിക്കാൻ പറ്റാത്ത ആ നിമിഷം തന്നെ ലോകത്തിലെ അമേരിക്കയുടെ അപ്രമാധിത്വവും അവസാനിച്ചിരിക്കും. ഈ ഒരു സാഹചര്യം ഒഴിവാക്കാനാണ്, അമേരിക്ക ഇപ്പോൾ, പ്രശ്ന പരിഹാരത്തിനായി ഇറങ്ങിയിരിക്കുന്നത്. അനുനയ നീക്കം ലെബനനിൽ നിന്നുമാണ് തുടങ്ങിയിരിക്കുന്നത്. സംഘർഷം ലഘൂകരിച്ച് പരമാവധി നീട്ടികൊണ്ട് പോകുക എന്നതാണ് തന്ത്രം. അരലക്ഷത്തോളം മനുഷ്യരെ കൊന്നത് മറന്ന് ഒരു ഒത്തുതീർപ്പിനും ഹമാസും ഹിസ്ബുള്ളയും ഇറാനും എന്തായാലും തയ്യാറാകാൻ സാധ്യതയില്ല. യുക്രെയിൻ നാറ്റോയിൽ അംഗമാകില്ലന്ന രേഖാമൂലം ഉറപ്പ് നൽകാതെ റഷ്യൻ സൈന്യവും യുക്രെയിൻ വിടാൻ പോകുന്നില്ല. പിടിച്ചെടുത്ത യുക്രെയിൻ പ്രദേശങ്ങളും റഷ്യ തിരിച്ചു നൽകുകയില്ല. പിന്നെ എങ്ങനെ ഈ ഒത്തുതീർപ്പ് ഫോർമുല നടപ്പാക്കപ്പെടും എന്നത് വലിയ ഒരു ചോദ്യം തന്നെയാണ്. അതിനുള്ള ഉത്തരം യഥാർത്ഥത്തിൽ നൽകേണ്ടത് അമേരിക്കയും ഇസ്രയേലുമാണ്.
Express View
വീഡിയോ കാണാം