ടെൽ അവീവ്: ഇറാനെതിരായ വലിയ തിരിച്ചടി ഇസ്രയേൽ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. ഒക്ടോബർ ഒന്നിനുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇസ്രായേൽ മറുപടി നൽകുമെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചതായാണ് വിവരം.
എന്നാൽ ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ തിരിച്ചടി ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതേക്കുറിച്ചുള്ള നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ആക്രമണം നടത്തുന്നത് സംബന്ധിച്ച ഇസ്രയേൽ യു.എസുമായി നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒക്ടോബർ 15, 16 തീയതികളിൽ തയാറാക്കിയ രേഖകളാണ് ചോർന്നത്. വെള്ളിയാഴ്ച മുതൽ ഈ രേഖകൾ ടെലിഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. മിഡിൽ ഈസ്റ്റ് സ്പെക്ടേറ്റർ എന്ന അക്കൗണ്ടിലൂടെയാണ് രേഖകൾ ചോർന്നത്.
ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ചോർന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഭവം ഏറെ ആശങ്കയുള്ളതാണെന്നും യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. യു.എസിന് പുറമെ സഖ്യകക്ഷികളായ ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമേ രേഖകളെക്കുറിച്ച് അറിവൊള്ളൂവെന്ന സൂചനകളും വന്നിരുന്നു.
നേരത്തെ യു.എസ് ഇസ്രയേലിൽ താഡ് എയർ ഡിഫൻസ് സിസ്റ്റം വിന്യസിച്ചിരുന്നു. രാജ്യത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് എയർ ഡിഫൻസ് സിസ്റ്റം വിന്യസിച്ചത്. അതേസമയം, ഇറാന്റെ എണ്ണ, ആണവശാലകളെ ഇസ്രയേൽ ലക്ഷ്യമിടുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങനെയുണ്ടായാൽ അത് മേഖലയെയാകെ ബാധിക്കുന്ന യുദ്ധമായി മാറിയേക്കുമെന്നും ആശങ്കയുണ്ട്.