വാഷിംഗ്ടൺ: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്കു ‘വംശഹത്യയുടെ സ്വഭാവസവിശേഷത’ ആണെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. ഒപ്പം വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
‘‘ഗാസയിലെ ഉപരോധം, മാനുഷികസഹായം തടസ്സപ്പെടുത്തൽ, ആവർത്തിച്ചുള്ള യുഎൻ അഭ്യർഥനകളും രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകളും സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അവഗണിക്കൽ, സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും എന്നിവയിലൂടെ ഇസ്രയേൽ മനഃപൂർവം മരണത്തിനും പട്ടിണിക്കും കാരണക്കാരാകുന്നു. പട്ടിണിയെ യുദ്ധമുറയായി ഉപയോഗിച്ചു പലസ്തീൻ ജനതയെ ശിക്ഷിക്കുകയാണ് ഇസ്രയേൽ ’’– യുഎൻ സമിതിയുടെ വാർത്താക്കുറിപ്പ് ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Also Read : ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍!
വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഗാസയിലും ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. മനുഷ്യരുടെ മേൽനോട്ടം കുറഞ്ഞ എഐ അധിഷ്ഠിത സംവിധാനങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്നതിനാൽ സാധാരണക്കാരെയും സൈനികരെയും വേർതിരിച്ച് അറിയാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 28 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു. സിറിയയിലെ ഡമസ്കസിലും പരിസരത്തും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.