CMDRF

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാതെ ഇസ്രയേല്‍; റഫായില്‍ ആക്രമണം തുടരും

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാതെ ഇസ്രയേല്‍; റഫായില്‍ ആക്രമണം തുടരും
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാതെ ഇസ്രയേല്‍; റഫായില്‍ ആക്രമണം തുടരും

ഗാസയില്‍ വെടിനിര്‍ത്താനുള്ള കരാര്‍ ഹമാസ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരാന്‍ ഇസ്രയേല്‍. വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതല്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍. കരാറില്‍ ചര്‍ച്ച തുടരാനുള്ള ശ്രമങ്ങള്‍ നടക്കാനിരിക്കെയാണ് റഫായില്‍ സൈനിക നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘര്‍ഷഭൂമിയായ ഗാസയിലെ പല മേഖലകളില്‍നിന്ന് എത്തിയവര്‍ അഭയാര്‍ഥികളായി കഴിയുന്ന മേഖലയാണ് റഫാ. 14 ലക്ഷത്തോളം അഭയാര്‍ഥികളാണ് റഫായിലുള്ളത്. ഖത്തറി-ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ സ്ഥിരീകരിച്ചത്.

റഫായില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. റഫായില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പെന്നാണ് വിലയിരുത്തല്‍. സമീപ ഭാവിയില്‍ റഫായില്‍ തീവ്രമായ നടപടികള്‍ ഉണ്ടാകുമെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി. റഫായില്‍ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രയേല്‍ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ നടന്ന ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ റഫയിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അല്‍-മവാസി, ഖാന്‍ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്ക് മാറാനാണ് ഇസ്രയേല്‍ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീന്‍ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാല്‍ റഫായില്‍ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.

ഇസ്രയേലിന്റെ നിലപാട് പ്രതികൂലമായതോടെ ഇരുവിഭാഗങ്ങളുമായിട്ടുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘം കെയ്‌റോയിലേക്ക് തിരിക്കുമെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഫായിലെ സൈനിക ഓപ്പറേഷന്‍ തുടരുന്നതിന് വാര്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റഫാ ആക്രമിക്കുന്നതിലൂടെ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഇസ്രയേല്‍ കൂടുതല്‍ അപകടത്തിലാക്കുകയാണെന്ന് ജോര്‍ദാന്റെ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ഹമാസ് അംഗീകരിച്ച കരാര്‍ ഒരു ഈജീപ്ഷ്യന്‍ പതിപ്പാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരും മണിക്കൂറുകളില്‍ ഹമാസിന്റെ നിലപാട് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും ഒരു സമവായത്തിലെത്താന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതിനോടകം തന്നെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top