ഗസ: ഇസ്രായേല്‍ ഏഴുമാസം തടവിലിട്ട അല്‍ശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാല്‍മിയ ഉള്‍പ്പെടെ 50 പേരെ ഇസ്രായേല്‍ മോചിപ്പിച്ചു. ഏഴുമാസം മുമ്പ് ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോചിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 നവംബര്‍ 23നാണ് മറ്റൊരു സര്‍ജന്റെ കൂടെ ഗസയിലെ കുവൈറ്റ് ചെക്ക്പോസ്റ്റില്‍നിന്ന് അദ്ദേഹത്തെ പിടികൂടിയത്. ആശുപത്രിയില്‍ ഹമാസ് സൈനിക ബാരക്കുകളും ഒളിത്താവളവും ഉണ്ടെന്ന തരത്തില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അദ്ദേഹത്തെ അധിനിവേശ സേന നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, അതിന് വിസമ്മതിച്ചതോടെ കഠിനമായ പീഡനത്തിനിരയാക്കുകയും അപമാനിക്കുകയും ചെയ്തു. പിന്നീടാണ് അജ്ഞാതകേന്ദ്രത്തില്‍ തടങ്കലിലാക്കിയത്.
നഖ്ബയ്ക്ക് ശേഷം പലസ്തീന്‍ ജനത ഇതുവരെ കാണാത്ത ക്രൂരതകളാണ് തടവുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മോചിതനായ അബു സാല്‍മിയ മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരെയാണ് അധിനിവേശ സേന ലക്ഷ്യമിടുന്നത്. ചില തടവുകാര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഭക്ഷണവും വെള്ളവും കൊടുക്കാതെ തടവുകാരെ അധിനിവേശസേന ക്രൂരമായി പീഡിപ്പിക്കുയാണെന്നും ദാരുണമായ അവസ്ഥയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നതെന്നും ഡോ. അബു സാല്‍മിയ പറഞ്ഞു. തടവറയില്‍ ഉറങ്ങാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നും ഡോക്ടറുടെ ബന്ധു അദം അബു സാല്‍മിയ അറിയിച്ചു.