ടെല്‍ അവീവ്: ലെബനാനിലെ വീടുകള്‍ക്കുനേരെയുള്ള വ്യോമാക്രമണം ആസന്നമായെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചയ് അദ്രായി. ഹിസ്ബുള്ളയുടെ സായുധ സംഘത്തിന് നേരെ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി, ഇസ്രായേലികളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഗസ്സയിലെ വംശീയ യുദ്ധത്തോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അതിര്‍ത്തി കടന്നുള്ള ശക്തമായ വെടിവപ്പുകള്‍ക്കിടയിലാണ് ഏറ്റവും പുതിയ ആക്രമണത്തിന് ഇസ്രായേല്‍ മുതിരുന്നത്. തെക്കന്‍ ലെബനാനിലെ വീടുകളിലും കെട്ടിടങ്ങളിലും വര്‍ഷങ്ങളായി ഹിസ്ബുള്ള ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഈ സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ താമസക്കാരോട് ആഹ്വാനം ചെയ്തതായും ഹഗാരി പറഞ്ഞു.നേരത്തെ തെക്കന്‍ ലെബനനിലെ താമസക്കാര്‍ക്ക് ഒരു ലെബനീസ് നമ്പറില്‍നിന്ന് കോളുകള്‍ ലഭിച്ചിരുന്നതായും ഹിസ്ബുള്ള ഉപയോഗിക്കുന്ന ഏതെങ്കിലും പോസ്റ്റില്‍നിന്ന് ഉടന്‍ 1,000 മീറ്റര്‍ അകലം പാലിക്കാന്‍ ഉത്തരവിട്ടതായും കോള്‍ സ്വീകരിച്ച തങ്ങളുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതിനുമുമ്പ് ഒരു ടെലിവിഷന്‍ പ്രസ്താവനയിലുടെ ഇസ്രായേലി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലെബനനിലെ എല്ലാ നെറ്റ്വര്‍ക്കുകളിലും പ്ലാറ്റ്ഫോമുകളിലും ഇത് അറബിയില്‍ വിതരണം ചെയ്യുന്നതായും ഹഗാരി പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഹിസ്ബുള്ളക്കെതിരെ ലെബനാനിന്റെ തെക്കു-കിഴക്കന്‍ ബെക്കാ താഴ്വര, സിറിയക്ക് സമീപമുള്ള വടക്കന്‍ മേഖല എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തിവരികയാണ്.
ലെബനനിലേക്ക് ഇസ്രായേല്‍ കരമാര്‍ഗം കടക്കാന്‍ സാധ്യതയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വടക്കന്‍ ഇസ്രായേലിലെ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ‘ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യു’മെന്നായിരുന്നു ഹഗാരിയുടെ മറുപടി. ലെബനാനിലെ ഒരു സിവിലിയന്‍ ഹൗസില്‍നിന്ന് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ഹിസ്ബുള്ള പ്രവര്‍ത്തകര്‍ എന്ന് ആരോപിച്ച്, അത് വിക്ഷേപിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ഒരു ആകാശ വിഡിയോ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ചു. ലെബനാനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പകരമായി നൂറു കണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് ഹിസ്ബുള്ള ഇസ്രായേലില്‍ ആക്രമണം നടത്തിയിരുന്നു.