തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം; നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

സ്രയേലിനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി.

തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം; നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍
തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം; നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍. അയ്മാന്‍ മുഹമ്മദ് നബുല്‍സി, ഹജ്ജ് അലി യൂസഫ് സലാഹ്, മുഹമ്മദ് മൂസ സലാഹ് എന്നീ പ്രമുഖ ഹിസ്ബുള്ള നേതാക്കള്‍ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി.

തെക്കന്‍ ലെബനനിലെ ഖിയാം മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ ഹിസ്ബുള്ള കമാന്‍ഡറായ മുഹമ്മദ് മൂസ സലാഹ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഗോലാന്‍ കുന്നുകള്‍, അപ്പര്‍ ഗലീലി എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകള്‍ വിക്ഷേപിക്കുകയും തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തയാളാണ് മുഹമ്മദ് മൂസ സലാഹ് എന്ന് ഇസ്രയേല്‍ അറിയിച്ചു.

ഹിസ്ബുള്ളയുടെ ആന്റി ടാങ്ക് മിസൈല്‍ യൂണിറ്റിന് നേതൃത്വം നല്‍കിയ അയ്മാന്‍ മുഹമ്മദ് നബുള്‍സി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയര്‍ന്ന റാങ്കിലുള്ള ഹിസ്ബുല്ല ആന്റി ടാങ്ക് കമാന്‍ഡറാണ് അയ്മാന്‍ മുഹമ്മദ് നബുള്‍സി. ഹിസ്ബുള്ളയുടെ മറ്റൊരു ഫീല്‍ഡ് കമാന്‍ഡര്‍ ഹജ്ജ് അലി യൂസഫ് സലാഹ്, ഗജര്‍ മേഖലയ്ക്ക് ചുറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മറ്റൊരു മുതിര്‍ന്ന കമാന്‍ഡര്‍ എന്നിവരെയും വ്യോമാക്രമണങ്ങളില്‍ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.

Top