ബാഗ്ദാദ്: ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് പരാതി നല്‍കി ഇറാഖ്. ഒക്ടോബര്‍ 26-ന് ഇറാനില്‍ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് ബാസിം അലവാദി പറഞ്ഞു.
ഈ മാസം ആദ്യം ഇറാന്‍ നടത്തിയ വന്‍ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേല്‍ ഒക്ടോബര്‍ 26-ന് പുലര്‍ച്ചെ ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ സ്‌ഫോടനങ്ങളുണ്ടായി. വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 100-ലധികം ഇസ്രായേല്‍ വിമാനങ്ങളാണ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. പ്രധാനമായും ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
Also Read: ഇസ്രയേലിനെതിരെ തിരിച്ചടി ഉറപ്പിച്ച് ഇറാൻ
ഒക്ടോബര്‍ 1ന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇറാനിലെ എണ്ണപ്പാടങ്ങളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലുമായി ചര്‍ച്ച നടത്തുകയും ഇറാന്റെ എണ്ണപ്പാടങ്ങളെയും ആണവ കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളെയും മാത്രം ലക്ഷ്യമാക്കിയത്.