CMDRF

മധ്യഗാസയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഇസ്രയേല്‍ ;പോകാനിടമില്ലാതെ പലസ്തീന്‍ ജനത

മധ്യഗാസയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഇസ്രയേല്‍ ;പോകാനിടമില്ലാതെ പലസ്തീന്‍ ജനത
മധ്യഗാസയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഇസ്രയേല്‍ ;പോകാനിടമില്ലാതെ പലസ്തീന്‍ ജനത

ധ്യഗാസയില്‍നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ഉത്തരവിന് പിന്നാലെ പോകാനിടമില്ലാതെ പലസ്തീന്‍ ജനത. ഗാസയുടെ ഏകദേശം 86 ശതമാനം പ്രദേശങ്ങളിലും ഇസ്രയേലിന്റെ ആക്രമണ മുന്നറിയിപ്പ് നിലനില്‍ക്കുന്നതായാണ് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി പറയുന്നത്.

ഇസ്രയേല്‍ ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ ബുറൈജ്, നുസീരിയത്ത് ക്യാമ്പുകളില്‍നിന്ന് ആയിരങ്ങളാണ് ജീവന്‍ രക്ഷാര്‍ത്ഥം പലായനം ചെയ്യുന്നത്. പലതവണയായി പലായനത്തിന് വിധേയരായവരാണ് ഈ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ജൂലൈ 22നും 25നുമിടയില്‍ ഏകദേശം 12,600 പേരാണ് ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍നിന്ന് കുടിയിറക്കപ്പെട്ടത്.

കിഴക്കന്‍ ഖാന്‍ യൂനിസ് ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടതിനെത്തുടര്‍ന്ന് പലായനം ചെയ്യാന്‍ കഴിയാതിരുന്നവര്‍ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ അവിടെ കുടുങ്ങിക്കിടക്കുകയാണ്. സഹായവിതരണ ഏജന്‍സികള്‍ക്ക് പോലും അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയാണ്. ഇസ്രയേല്‍ സൈന്യം അവിടെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടക്കം ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഇസ്രയേലി യുദ്ധടാങ്കുകള്‍ തെക്കന്‍ ഖാന്‍ യൂണിസ് നഗരത്തിലേക്ക് നീങ്ങുതായാണ് റിപ്പോര്‍ട്ട്. ഒപ്പം ബുറൈജ്, നുസീരിയത്ത് ക്യാമ്പുകളിലും ഗാസ നാരത്തിലുമൊക്കെ വ്യോമാക്രമണവും ഇസ്രയേല്‍ നടത്തുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 24 മണിക്കൂറിനിടെ ഏകദേശം 66 പേരാണ് ഗാസയില്‍ പലയിടങ്ങളിലായി കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് പിന്നാലെ ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 39,324 പലസ്തീനികള്‍ കൊല്ലപ്പെടുകയും 90,830 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇസ്രയേല്‍ കൈയ്യേറിയ ഗോലാന്‍ കുന്നുകളില്‍ ശനിയാഴ്ച നടന്ന മിസൈല്‍ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ലെബനന്‍ സായുധ വിഭാഗം ഹിസ്ബുള്ളയാണെന്നാണ് ഇസ്രയേല്‍ വാദം. എന്നാല്‍ ഹിസ്ബുള്ള ആരോപണം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലും ഹിസ്ബുള്ളയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇസ്രയേല്‍. അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവത്തിന് പിന്നാലെ യാത്ര അവസാനിപ്പിച്ച് മടങ്ങിയെത്തിയിരുന്നു.

ഹിസ്ബുള്ളയോട് എപ്പോള്‍, എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാന്‍ രാജ്യത്തിന്റെ സുരക്ഷാ കാബിനറ്റ് തനിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അധികാരം നല്‍കിയിട്ടുണ്ടെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മുഴുനീള യുദ്ധത്തിലേക്ക് വേണ്ടി വന്നാല്‍ കടന്നേക്കുമെന്ന തരത്തിലാണ് ലെബനന്‍-ഇസ്രയേല്‍ മന്ത്രിമാരുടെയും പ്രതികരണം.

ഇരുരാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് ഫ്രാന്‍സും ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ തങ്ങളുടെ പൗരന്മാരോട് ലെബനനില്‍നിന്ന് മാറാന്‍ നോര്‍വേ ആവശ്യപ്പെട്ടിട്ടുമുണ്ട്. പശ്ചിമേഷ്യയില്‍ വീണ്ടുമൊരു യുദ്ധം കാണാന്‍ ആഗ്രഹിക്കുന്നില്ല എന്ന നിലപാടിലാണ് അമേരിക്കയും യുകെയും. അതേസമയം ലെബനന് നേരെ ആക്രമണം ഉണ്ടായാല്‍ അവരെ പിന്തുണയ്ക്കുമെന്ന് ഈജിപ്തും ജോര്‍ദാനും ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top