CMDRF

ഗസ സിറ്റിയില്‍നിന്ന് മുഴുവന്‍ പലസ്തീനികളോടും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ്

ഗസ സിറ്റിയില്‍നിന്ന് മുഴുവന്‍ പലസ്തീനികളോടും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ്
ഗസ സിറ്റിയില്‍നിന്ന് മുഴുവന്‍ പലസ്തീനികളോടും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ്

തെല്‍ അവിവ്: ഗസ സിറ്റിയില്‍ നിന്ന് മുഴുവന്‍ പലസ്തീനികളോടും ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സൈന്യം. ഇസ്രായേലിന്റെ തന്ത്രം മാത്രമാണ് ഒഴിഞ്ഞുപോകല്‍ ഭീഷണിയെന്ന് ഹമാസ് തിരിച്ചടിച്ചു. അതിനിടെ ഇസ്രായേല്‍ മിനി മന്ത്രിസഭാ യോഗം ഇന്ന് ചേരും.

കെയ്‌റോയിലും ദോഹയിലുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും പലസ്തീനില്‍ കൂട്ടക്കൊല തുടരുകയാണ് ഇസ്രായേല്‍. ഇന്നലെ മാത്രം ഗസയില്‍ 54 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസയിലെ ദെയ്ര്‍ അല്‍-ബലാഹില്‍ ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’ ഉള്‍പ്പെട്ട അഭയാര്‍ഥി ക്യാംപുകളിലായിരുന്നു ബോംബുവര്‍ഷം. വ്യോമാക്രമണത്തില്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാംപിലെ മൂന്ന് വീടുകള്‍ തകര്‍ന്ന് അഞ്ച് കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ഗസ സിറ്റിയില്‍ നിന്ന് മുഴുവന്‍ പേരും ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു.

കൂടുതല്‍ വ്യാപ്തിയുളള ആക്രമണത്തിന് മുന്നോടിയായാണ് ജനങ്ങളോട് ഒഴിഞ്ഞു പോകാനുള്ള ആഹ്വാനമെന്ന് സൈന്യം പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യം തുടരുന്ന മനശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണിതെന്നും ആരും ഒഴിഞ്ഞു പോകേണ്ടതില്ലെന്നും ഹമാസ് പ്രതികരിച്ചു. ഒമ്പത് മാസത്തിനിടെ, ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 38,200ലധികം പേരാണ് കൊല്ലപ്പെട്ടത്. 88,000ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ധനക്ഷാമം കാരണം ഗസയില്‍ ഒരു ആശുപത്രിയുടെ കൂടി പ്രവര്‍ത്തനം നിലച്ചു.

ഗസയിലെ 36 ആശുപത്രികളില്‍ 13 എണ്ണം മാത്രമേ ഇപ്പോള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. കെയ്‌റോയും ദോഹയും കേന്ദ്രീകരിച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് മുന്നോടിയായുള്ള കൂടിയാലോചനകള്‍ ഇന്നലെയും തുടര്‍ന്നു. അമേരിക്കന്‍ കോഡിനേറ്റര്‍ മാക്ഗുര്‍ക് ഖത്തര്‍, ഈജിപ്ത് നേതാക്കളുമായി ചര്‍ച്ച നടത്തി. ബന്ദികളുടെ മോചനം ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ വേണം എന്നുതന്നെയാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്നും അതേ സമയം രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

അതേ സമയം ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യാപക ആക്രമണം നടത്തി. അപ്പര്‍ ഗലിലീ ഉള്‍പ്പെടെ ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണവും തുടര്‍ന്നു. ആക്രമണത്തില്‍ ഒരു വനിതാ സൈനികക്ക് പരുക്കേറ്റതായി ഇസ്രായേല്‍ അറിയിച്ചു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹമാസ് കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തെയും തങ്ങള്‍ പിന്തുണക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.

Top