അമേരിക്കന്‍ മുന്നറിയിപ്പ് മറികടന്ന് ലെബനനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേല്‍

അമേരിക്കന്‍ മുന്നറിയിപ്പ് മറികടന്ന് ലെബനനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേല്‍
അമേരിക്കന്‍ മുന്നറിയിപ്പ് മറികടന്ന് ലെബനനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേല്‍

ദുബൈ: അതിര്‍ത്തി മേഖലയില്‍ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാന്‍ ശക്തമായ ആക്രമണത്തിനൊരുങ്ങി ഇസ്രായേല്‍. യുദ്ധവ്യാപനം പാടില്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്നാണ് ലെബനൻ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി.

ഇസ്രായേല്‍ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് സൈനിക നടപടിക്കുള്ള തീരുമാനം. പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഇസ്രായേല്‍ സൈനിക മേധാവിയുമായി ചര്‍ച്ച നടത്തി.

യുദ്ധം ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദൂതന്‍ തെല്‍ അവീവിലും ബൈറൂത്തിലും നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കടുംപിടിത്തം സമാധാന ശ്രമങ്ങള്‍ അട്ടിമറിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല താക്കീത് ചെയ്തു. വടക്കന്‍ ഇസ്രായേലില്‍ ഇസ്രായേലിന്റെ സമ്പദ്ഘടനക്ക് കനത്ത പ്രഹരം ഏല്‍പിക്കാന്‍ പിന്നിട്ട മാസങ്ങളില്‍ സാധിച്ചതായും യുദ്ധം അടിച്ചേല്‍പിച്ചാല്‍ വലിയ തിരിച്ചടി ഉറപ്പാണെന്നും ഹസന്‍ നസ്‌റുല്ല വ്യക്തമാക്കി.

അതിനിടെ, നെതന്യാഹുവും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായി. ഹമാസ് എന്ന ആശയത്തെ പൂര്‍ണമായി തുരത്തുക സാധ്യമല്ലെന്നും സൈനിക നടപടിയിലൂടെ എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനാവില്ലെന്നും സേനാ വക്താവ് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ തയാറാക്കിയ യുദ്ധലക്ഷ്യങ്ങള്‍ അനുസരിച്ച് നടപ്പാക്കിയാല്‍ മാത്രം മതിയെന്ന് നെതന്യാഹു സൈന്യത്തെ ഓര്‍മിപ്പിച്ചു. അതിനിടെ, ഗസയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായ യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അക്രമികളോടെന്ന പോലെയാണ് സാധാരണക്കാരോടും സൈന്യം പെരുമാറുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ബന്ദികളായി സാധാരണക്കാരെ പിടിച്ചുകൊണ്ടുപോയ ഹമാസ് നടപടിയെയും യു.എന്‍ വിമര്‍ശിച്ചു. ഉന്മൂലന അജണ്ടയാണ് ഗസയില്‍ സൈന്യം നടപ്പാക്കുന്നതെന്ന് യു.എന്‍ അന്വേഷണ കമ്മീഷന്‍ മേധാവി നവി പിള്ള കുറ്റപ്പെടുത്തി.

സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ആക്രമണം നടത്തി ഐ.എസ് നേതാവ് ഒസാമ ജമാല്‍ മുഹമ്മദ് അല്‍ ജനാബിയെ വധിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്‍ ഇസ്‌ലാമിക് റവലൂഷനറി ഗാര്‍ഡിനെ കാനഡ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി.

അമേരിക്കയും ബ്രിട്ടനും യെമനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കൊണ്ടെന്നും ഗസയ്ക്കുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് യമനിലെ ഹൂതികള്‍ ആവര്‍ത്തിച്ചു.

Top