അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ തുൽക്കറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിരവധി സിവിലിയന്മാർ ഉണ്ടായിരുന്ന തുൽക്കറം അഭയാർത്ഥി ക്യാമ്പിലെ ഒരു കഫേയിലാണ് അക്രണമുണ്ടായിരുന്നത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അഭയാർഥി ക്യാമ്പ് ഉദ്യോഗസ്ഥനായ ഫൈസൽ സലാമ അറിയിച്ചു.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനും തുടർന്നുള്ള ഗാസയിലെ യുദ്ധത്തിനും ശേഷം വെസ്റ്റ്ബാങ്കിൽ അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. എന്നാൽ, 20 വർഷത്തിനിടെ മേഖലയിൽ നടക്കുന്ന ആക്രമണങ്ങളിൽ ഏറ്റവും ഭീകരവും മാരകവുമായ വ്യോമാക്രമണമാണ് വെള്ളിയാഴ്ച പുലർച്ചെ നടന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള, ദരിദ്രരായ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ ആക്രമണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Also Read: ഇറാനെ വീഴ്ത്താൻ ഇസ്രയേലിന് ഒറ്റയ്ക്ക് കഴിയില്ല, പേർഷ്യൻ പോരാളികളുടെ കരുത്ത് വേറെ ലെവലാണ്
ഓഗസ്റ്റിൽ ഇസ്രായേൽ സൈന്യം നടത്തിയ ഒരു പ്രധാന സൈനിക നടപടിയിൽ ഇസ്രായേൽ ലക്ഷ്യമിട്ട പലസ്തീനിയൻ അഭയാർത്ഥി ക്യാമ്പുകളുള്ള നഗരങ്ങളിൽ ഒന്നായിരുന്നു തുൽക്കർ. യു.എൻ ഏജൻസിയുടെ കണക്ക് പ്രകാരം 0.18 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയിലുള്ള ക്യാമ്പിൽ 21,000ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇവിടെയുള്ള ഒരു ജനവാസ കെട്ടിടം പൂർണമായും തകർന്ന് തരിപ്പണമായി. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന പരുക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.