യുദ്ധമുഖത്തെ ചിത്രം ലോകത്തിന് മുന്നിലെത്തിക്കുന്ന ഏറ്റവും വലിയ ഉപാധികളിലൊന്നാണ് മാധ്യമങ്ങള്‍. യുദ്ധത്തില്‍ മാധ്യമങ്ങള്‍ക്കുള്ളിലുണ്ടാകുന്ന വെല്ലുവിളികളും ഏറെയാണ്. വിലങ്ങുതടികളെ വലയംവെച്ച് യുദ്ധഭീതിയെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ചെറുതൊന്നുമല്ല. അതിപ്പോള്‍ ഏത് ലോകരാജ്യത്തിലായാലും സ്ഥിതി വ്യത്യസ്തമല്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലും ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടിരുന്നു. യുദ്ധത്തിന് അറുതിവരാത്ത ഈ കാലഘട്ടത്തിലും അതിനൊരു മാറ്റവുമില്ല. യുദ്ധവെറിയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കുമേല്‍ പലതവണ തടസ്സം സൃഷ്ടിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ മെയില്‍ ഇതിനുള്ള നടപടിയെന്നോണം അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ മാധ്യമസ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നതിനുവേണ്ടി തയ്യാറാക്കിയ ബില്‍ ഇസ്രയേല്‍ മന്ത്രിസഭ ഏകകണ്ഠമായി പാസാക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഇതാ പൂട്ടുമായി ഇറങ്ങിയിരിക്കുകയാണ് ഇസ്രയേല്‍.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അല്‍ജസീറയുടെ ഓഫീസാണ് ഇത്തവണ ഇസ്രയേലിന്റെ ലക്ഷ്യം. ഓഫീസ് ഇസ്രയേലി സൈന്യം റെയ്ഡ് ചെയ്യുകയും 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തതായി അല്‍ജസീറ ഖത്തര്‍ ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തീരുമാനത്തിന്റെ കാരണം അറിയിച്ചിട്ടില്ലെങ്കിലും എല്ലാം എല്ലാവര്‍ക്കും വ്യക്തമാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന ക്രൂരതകള്‍ ലോകത്തിന് മുന്നിലേക്ക് എത്തിച്ച മാധ്യമങ്ങളില്‍ അല്‍ജസീറയും ഉള്‍പ്പെടുന്നുണ്ട്. ഇത് ഇസ്രയേലിന് അല്‍ജസീറയോടുള്ള എതിര്‍പ്പിന് കാരണമായിരുന്നു. പിന്നാലെയാണ് ചാനലിന്റെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് അനുവദിക്കുന്ന നിയമനിര്‍മാണത്തിലേക്ക് ഇസ്രയേല്‍ കടന്നത്. അല്‍ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടല്‍ മുറിയിലും ഇസ്രയേല്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് ക്രഡന്‍ഷ്യലുകള്‍ റദ്ദാക്കുന്നതായി ഇസ്രയേലി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഈ നടപടികളും.
രാജ്യത്തെ നിയമങ്ങളോളം പ്രധാന്യമുണ്ട് രാജ്യത്തെ മാധ്യമങ്ങള്‍ക്കും. മാധ്യമസ്വാതന്ത്രത്തെ ഹനിക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ തന്നെ ശ്രമങ്ങള്‍ തുടരുമ്പോള്‍ അത് എത്രത്തോളം ഭയന്നിട്ടാണെന്ന് കൂടി ഓര്‍ക്കണം. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ പ്രധാന വാദം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അല്‍ജസീറ തള്ളിക്കളയുന്നുണ്ട്. ഗാസ മുനമ്പിലെ ഇസ്രയേല്‍ ക്രൂരത അല്‍ജസീറ പുറത്തെത്തിക്കുന്നതില്‍ ഭയന്നാണ് ഇസ്രേയേല്‍ ഈ നടപടി സ്വീകരിക്കുന്നത്. മാധ്യമസ്വാതന്ത്രങ്ങളെ അടിച്ചമര്‍ത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നടപടിക്കെതിരെ അല്‍ജസീറ പ്രതികരിച്ചത്. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവൃത്തിയാണിതെന്നും അല്‍ജസീറ കൂട്ടിച്ചേര്‍ത്തു.
എത്രയൊക്കെ കെട്ടിപൂട്ടിവെച്ചാലും കൊടുംക്രൂരതകള്‍ക്ക് മറയില്ല. പോര്‍വിളികള്‍ മുഴക്കി ഇസ്രയേല്‍ നടത്തുന്ന യുദ്ധതന്ത്രങ്ങളൊക്കെ തന്നെ ലോകത്തിന് വ്യക്തമാണ്. ഒരു വര്‍ഷത്തോളമായി തുടരുന്ന ഗാസയിലെ ഇസ്രയേല്‍ ക്രൂരതയ്ക്ക് അറുതിവരുത്താന്‍ പോലും ശ്രമിക്കാതെ അടുത്ത യുദ്ധപുറപ്പാടിന് ഇസ്രയേല്‍ ഹിസ്ബുള്ളയുമായി കൊമ്പുകോര്‍ക്കാനൊരുങ്ങുമ്പോള്‍ തിരിച്ചടികളും പ്രത്യാഘാതങ്ങളും ഇസ്രയേല്‍ ഒരുപാട് നേരിടേണ്ടി വരും. പയറ്റിപ്പതിഞ്ഞ യുദ്ധമുറകളൊക്കെ തന്നെയാണ് ഇനിയും ഇസ്രയേലിന് എടുക്കാന്‍ ഉള്ളൂ. പക്ഷേ ഇറാന്റെ പിന്തുണയില്‍ ശക്തമായ തിരിച്ചടികള്‍ക്ക് പദ്ധതിയിടുന്ന ഹിസ്ബുള്ളയുടെ വെല്ലുവിളികള്‍ കടുപ്പമേറിയതാവാനേ സാധ്യതയുള്ളു. ഇസ്രയേല്‍ എന്ന രാജ്യത്തിനകത്തും പുറത്തുമായി സര്‍ക്കാരിനെതിരെ എരിയുന്ന അമര്‍ഷത്തിന് മുന്നില്‍ എന്തായാലും അധികമൊന്നും പിടിച്ചുനില്‍ക്കാന്‍ നെതന്യാഹുവിന് സാധിക്കുമെന്ന് തോന്നുന്നില്ല. അമേരിക്കയുടെയടക്കം സൈനീകശക്തികള്‍ വിന്യസിച്ച് അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നുണ്ടെങ്കിലും യുദ്ധത്തിനൊരുങ്ങുന്നതിന് മുമ്പേ മുന്നൊരുക്കങ്ങള്‍ ബലപ്പെടുത്തേണ്ടത് ഇസ്രയേലിന് വെല്ലുവിളിനിറഞ്ഞ ഒരു കാര്യം തന്നെയാണ്.
REPORT: ANURANJANA KRISHNA