ഗസ്സ: ഗസ്സ സിറ്റിയിലെ അൽ ശാതി അഭയാർഥി ക്യാമ്പിലും തൂഫയിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പേർ മരിച്ചു. ശാതിയിൽ 24 പേരും തൂഫയിൽ 18 പേരുമാണ് മരിച്ചത്. ഇതോടെ, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 101 ആയി. 169 പേർക്ക് പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്.
ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഗസ്സയുടെ വടക്കൻ ഭാഗം നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്ന ഇസ്രായേൽ സൈന്യം പ്രദേശങ്ങളിൽ വീണ്ടും ആക്രമണം നടത്തുകയാണ്. ഗസ്സ തുറമുഖത്ത് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് മീൻപിടിത്തക്കാർക്ക് പരിക്കേറ്റു. ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ പട്ടണത്തിൽ പീരങ്കി ആക്രമണവുമുണ്ടായി.