ദുബായ്: ഇസ്രായേല്‍ സൈന്യം മഹാനാശം വിതച്ച തെക്കന്‍ ഗസയിലെ റഫയില്‍നിന്ന് നാടുവിട്ടത് 10 ലക്ഷം പലസ്തീനികളെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി. റഫയില്‍ മേയ് ആദ്യത്തില്‍ ഇസ്രായേല്‍ സൈന്യം തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. 20 കിലോമീറ്റര്‍ അകലെ ഇസ്രായേല്‍ നിര്‍ദേശിച്ച പ്രദേശത്തും ഖാന്‍ യൂനിസിലുമായി ഈ 10 ലക്ഷം പേരും അഭയം തേടിയിട്ടുണ്ടെങ്കിലും അവിടങ്ങളിലെ ജീവിതസാഹചര്യങ്ങള്‍ വിവരണാതീതമാംവിധം ദുരന്തപൂര്‍ണമാണെന്ന് യു.എന്‍ ഏജന്‍സി പറഞ്ഞു. ഗസയിലെ കെട്ടിടങ്ങളില്‍ പകുതിയിലേറെയും ഇതിനകം തകര്‍ക്കപ്പെട്ടതായി യു.എന്‍ സാറ്റലൈറ്റ് സെന്റര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 36,591 കെട്ടിടങ്ങള്‍ പൂര്‍ണമായും 16,513 എണ്ണം സിംഹഭാഗവും 47,368 എണ്ണം ഭാഗികമായും തകര്‍ക്കപ്പെട്ടു. മധ്യ ഗസയിലെ ദെയ്ര്‍ അല്‍ബലഹിലും വടക്കന്‍ ഗസ്‌യിലെ ഗസ സിറ്റിയിലുമാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയത്.
ഗസ്സയില്‍ വെടിനിര്‍ത്തലിന് നീക്കങ്ങള്‍ തകൃതിയാണെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രി വഴങ്ങാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്. ബന്ദി മോചനത്തിനായി മാത്രം വെടിനിര്‍ത്താമെന്നല്ലാതെ ശാശ്വത വെടിനിര്‍ത്തലില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും ഒന്നാംഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ എണ്ണമടക്കം വ്യക്തമല്ലെന്നും നെതന്യാഹു പറയുന്നു.
ഹമാസ് അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്നായിരുന്നു നേരത്തേ യു.എസ് വ്യക്തമാക്കിയത്. തങ്ങള്‍ ഇതിനോട് അനുകൂല നിലപാടാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെയും ഗസയില്‍ ഇസ്രായേല്‍ ക്രൂരത തുടരുകയാണ്. ബുറൈജ് അഭയാര്‍ഥി ക്യാംപിനുനേരെ നടന്ന വ്യോമാക്രമണത്തില്‍ ആറ് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ കുട്ടികളടക്കം 12 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 40 പേരുടെ മരണവും 150 പേര്‍ക്ക് പരിക്കും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 36,479 ആയി.