റഫയിലെ തമ്പുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

റഫയിലെ തമ്പുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു
റഫയിലെ തമ്പുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: ഫലസ്തീനികളെ പാര്‍പ്പിച്ച റഫയിലെ തമ്പുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം. ഇസ്രായേല്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ തമ്പിന് സമീപത്തുള്ള കെട്ടിട സമുച്ചയത്തിന് തീപിടിക്കാനും കാരണമായി. അതിനിടെ, വടക്കന്‍ റഫയിലെ അല്‍ ഹഷാഷിന്‍ മേഖലയില്‍ ഇസ്രായേല്‍ വ്യോമനിരീക്ഷണം നടത്തി. ഇവിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എഴു പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗസ്സയിലെ ആകെ മരണം 36,050 ആയി. ഇതില്‍ 15000 പേര്‍ കുട്ടികളാണ്. 81,026 പേര്‍ക്ക് പരിക്കുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 519 പേര്‍ കൊല്ലപ്പെടുകയും 4950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നത് ഇസ്രായേല്‍ സൈന്യം വ്യാപിപ്പിക്കുകയാണ്. റാമല്ല നഗരത്തിലെ ജലസോണ്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് മൂന്നു ഫലസ്തീനികളെയും മറ്റൊരു സ്ത്രീയെയും അവരുടെ മകനെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെത്‌ലഹേമിലെ ദൈഷേഷ് ക്യാമ്പില്‍ നിന്ന് ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും കിഴക്കന്‍ റാമല്ലയിലെ ബര്‍ഖ ഗ്രാമത്തില്‍ നിന്ന് നാലു പുരുഷന്മാരെയും ഗാല്‍ഗിലിയ നഗരത്തില്‍ നിന്ന് മൂന്നു പുരുഷന്മാരെയും ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

റഫ ആക്രമണം നിര്‍ത്തണമെന്ന അന്താരാഷ്ട്ര കോടതിയുടെ നിര്‍ദേശവും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ലോകരാജ്യങ്ങളുടെ അഭ്യര്‍ഥനയും തള്ളിയാണ് സ്ത്രീകളും കുരുന്നുകളും അടക്കം 45ഓളം പേരെ ഞായറാഴ്ച്ച രാത്രി ഇസ്രായേല്‍ സേന ചുട്ടുകൊന്നത്. റഫ അതിര്‍ത്തിയില്‍ നിന്ന് ആട്ടിയോടിച്ച ഫലസ്തീനികളെ പാര്‍പ്പിച്ച തല്‍ അസ്സുല്‍ത്താനിലെ തമ്പുകളിലാണ് ഇസ്രായേല്‍ ബോംബിട്ടത്. 249 പേര്‍ക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് ഞായറാഴ്ച റഫ സന്ദര്‍ശനം നടത്തി മടങ്ങിയ ശേഷമായിരുന്നു ആക്രമണം. ഹമാസ് നേതാക്കളായ യാസീന്‍ റബി ഖാലിദ് നഗാര്‍ എന്നിവരെ കൊലപ്പെടുത്താനാണ് റഫയില്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ന്യായം. ജബാലിയ, നുസൈറാത്ത്, ഗസ്സ സിറ്റി എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലും ബോംബാക്രമണം നടത്തിയ ഇസ്രായേല്‍ 160 പേരെ കൊലപ്പെടുത്തിയിരുന്നു.

Top