കുവൈത്ത് സിറ്റി: ഫലസ്തീനികളുടെ അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന മധ്യഗസ്സയിലെ സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് കുവൈത്ത്. നസേറാത്തിലെ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയായ ഉനര്‍വ നടത്തുന്ന സ്‌കൂളിനു നേരെയാണ് ഇസ്രായേല്‍ ബുധനാഴ്ച ആക്രമണം നടത്തിയത്.
നിരപരാധികളായ നിരവധിപേരാണ് സ്‌കൂള്‍ ആക്രമിച്ചതിലൂടെ ഇരകളാക്കപ്പെട്ടത്. മരിച്ചവരില്‍ ഉനര്‍വയുടെ ആറു തൊഴിലാളികളും അഭയം തേടിയ ഫലസ്തീനികളും ഉള്‍പ്പെടും.ഈ നഗ്‌നമായ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നതായും അധിനിവേശത്തിന്റെ വ്യക്തമായ ലംഘനങ്ങളെ തടയുന്നതിനുള്ള ഉത്തരവാദിത്തം യു.എന്‍ സുരക്ഷാ കൗണ്‍സിലിനുണ്ടെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഫലസ്തീന്‍ ജനതയെ അതായത് ഗസ്സയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ സംരക്ഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു.