ഒടുവില്‍ ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ ഇസ്രയേല്‍ ഭരണകൂടവും തിരിച്ചറിഞ്ഞിരിക്കുകയാണ്. ശത്രുവിന്റെ ആയുധം, ഏത് പ്രതിരോധ കോട്ടയും തകര്‍ത്ത് എപ്പോള്‍ വേണമെങ്കിലും ഇസ്രയേലിനുള്ളിലെത്താം എന്നതിനാല്‍ അയണ്‍ ഡോമിനെയും, അമേരിക്കയുടെ താഡിനെയും വിശ്വസിച്ച് തടികേടാക്കാനില്ലെന്ന നിലപാടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്.
ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണം ഭയന്ന് ഇസ്രയേല്‍ മന്ത്രിസഭാ യോഗം ഇനി മുതല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലോ, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആസ്ഥാനത്തോ സംഘടിപ്പിക്കില്ലെന്നാണ് തീരുമാനം. ‘സുരക്ഷാ ആശങ്കകള്‍’ കാരണമാണ് പുതിയ തീരുമാനമെന്നാണ് ഇസ്രയേലിലെ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. അടുത്തിടെ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതെല്ലാം ഇസ്രയേല്‍ ഭരണകൂടത്തെ ശരിക്കും ഞെട്ടിച്ച സംഭവങ്ങളാണ്.
Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലോ, ഐഡിഎഫ് ആസ്ഥാനത്തോ യോഗം ചേരേണ്ടതില്ലെന്ന പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെയുള്ള ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനി മുതല്‍ മന്ത്രിസഭാ യോഗം സ്ഥിരമായി ഒരിടത്ത് നടക്കില്ലെന്നും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെ ഈ മാസം നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനമെന്നും ‘വല്ല’ ന്യൂസ് സൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒക്ടോബര്‍ 28ന് രാവിലെ കാബിനറ്റ് യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ്, യോഗസ്ഥലം മാറ്റിയ വിവരം മന്ത്രിമാരെ നാടകീയമായി അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുമെന്നറിയിച്ച യോഗം ഭൂഗര്‍ഭ ഹാളിലാണ് പിന്നീട് നടന്നിരുന്നത്. പുതിയ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഈ വിവരവും പിന്നീട് ചോരുകയാണുണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസിന് പകരം ഗവണ്‍മെന്റ് കാമ്പസിലെ ജനാരി ബില്‍ഡിങ്ങിലുള്ള സുരക്ഷിതമായ ഭൂഗര്‍ഭ ഹാളിലാണ് യോഗം നടക്കുകയെന്നാണ് മന്ത്രിമാര്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നത്. അവിടെ പാര്‍ക്കിങ് ഇല്ലെന്നും, മന്ത്രിസഭയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചവര്‍ മാത്രമേ കെട്ടിടത്തിലേക്ക് പ്രവേശിക്കാവൂയെന്നും സന്ദേശത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
Also Read: ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍ ഹിസ്ബുല്ലയുമായും ഹൂതികളുമായും ചേര്‍ന്ന് സംയുക്ത ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ‘ഇസ്രയേലിന് കയ്‌പ്പേറിയതും, സങ്കല്‍പിക്കാനാവാത്തതുമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ ലഭ്യമായ എല്ലാ സംവിധാനവും തങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘സയണിസ്റ്റ് ഭരണകൂടത്തിന് കൃത്യവും ഫലപ്രദവുമായ മറുപടി നല്‍കാന്‍ ലഭ്യമായ എല്ലാ സംവിധാനവും ഇറാന്‍ ഉപയോഗിക്കുമെന്നാണ്’ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ ഈ പ്രഖ്യാപനത്തെ നിസാരമായി ഒരിക്കലും ഇസ്രയേല്‍ കാണുന്നില്ല. അവരുടെ അനുഭവവും അത് തന്നെയാണ്. ഹമാസ് മേധാവിയെ ഇറാനില്‍ കയറി വധിച്ചതിന് പ്രതികാരമായി, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത് 200 ഓളം മിസൈലുകള്‍ അയച്ചാണ്. ഇറാനില്‍ നിന്നും നേരിട്ട് തൊടുത്തുവിട്ട മിസൈലുകളാണ് 2,000 കിലോമീറ്റര്‍ താണ്ടി ഇസ്രയേലില്‍ പതിച്ചിരുന്നത്. അയണ്‍ ഡോം മിക്ക മിസൈലും തടുത്തിട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ഇസ്രയേലിന്റെ സൈനിക താവളങ്ങളിലും, മൊസാദിന്റെ ആസ്ഥാനത്തിന് തൊട്ട് മുന്നിലും ഇറാന്റെ മിസൈലുകള്‍ പതിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇസ്രയേല്‍ വാദം പൊളിക്കുന്നതായിരുന്നു. എഫ് 35 യുദ്ധ വിമാനങ്ങള്‍ തമ്പടിച്ച വ്യോമതാവളം വരെ ഇറാന്‍ ആക്രമിക്കുകയുണ്ടായി. ഇത് അയണ്‍ ഡോമിന്റെ പ്രതിരോധശക്തിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതേത്തുടര്‍ന്നാണ് അമേരിക്കയില്‍ നിന്നും ‘താഡ്’ പ്രതിരോധ സംവിധാനം ഇസ്രയേല്‍ കൊണ്ടുവന്നിരുന്നത്. ഈ ‘താഡിനാകട്ടെ’ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ കുതിച്ചുവന്ന ഹിസ്ബുള്ളയുടെ ഡ്രോണിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
Also Read: ഇസ്രയേൽ ആക്രമണം പാളി, കൊല്ലപ്പെട്ടത് രണ്ട് ഇറാൻ സൈനികർ മാത്രം, തിരിച്ചടിക്ക് ഇറാൻ
ഇറാന്‍ സ്വന്തം രാജ്യത്ത് നിന്നും നേരിട്ട് മിസൈല്‍ വര്‍ഷിച്ചാണ് ഇസ്രയേലിനെ ആക്രമിച്ചതെങ്കില്‍, ഇസ്രയേല്‍ തിരിച്ചടിച്ചത് ഇറാന്റെ അയല്‍ രാജ്യമായ ഇറാഖിലെ അമേരിക്കയുടെ വ്യോമ മേഖലയില്‍ നിന്നുകൊണ്ടാണ്. അതാകട്ടെ അവര്‍ ഉദ്ദേശിച്ച ഫലം കണ്ടതുമില്ല. ഇസ്രയേലിന്റെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇറാന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ റഷ്യന്‍ ടെക്‌നോളജിയും ഇറാന് ഏറെ സഹായകരമായിട്ടുണ്ട്. ഇറാനിലെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയെങ്കിലും നാല് ഇറാന്‍ സൈനികര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്. അതും ഇസ്രയേല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് അവര്‍ കൊല്ലപ്പെട്ടത്.
ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ ആ ജനത മുഴുവന്‍ ബങ്കറില്‍ ഒളിച്ചതുകൊണ്ട് മാത്രമാണ് ആള്‍നാശം സംഭവിക്കാതിരുന്നത്. എന്നാല്‍, ഇത്തരമൊരു ബങ്കറുകളും ഇല്ലാത്ത ഇറാനില്‍ ഇസ്രയേല്‍ മിസൈലുകളെ ആകാശത്ത് വച്ചുതന്നെ പൊട്ടിച്ച് കളഞ്ഞത് കൊണ്ടാണ് വലിയ ആള്‍നാശമുണ്ടാകാതിരുന്നത്. ഈ രണ്ട് ആക്രമണങ്ങളെയും അങ്ങനെയാണ് വിലയിരുത്തേണ്ടത്. അതുകൊണ്ടാണ് ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ സ്വന്തം രാജ്യത്ത് നിന്നുതന്നെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇപ്പോള്‍ വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുന്നത്.
Also Read: ഗാസയിലെ വീടുകളിൽ ഇസ്രയേൽ ബോംബിങ്; 109 പലസ്തീൻകാർ കൊല്ലപ്പെട്ടു
‘ഇസ്രായേലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും, ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നുമാണ് നെതന്യാഹുവിന് അയച്ച കത്തില്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് തുറന്നടിച്ചിരിക്കുന്നത്. ഈ രഹസ്യ കത്ത് പുറത്തായത് ഇസ്രയേല്‍ ഭരണകൂടത്തിനാകെ നാണക്കേടായിട്ടുണ്ട്. കത്തിലെ വിവരങ്ങള്‍ ‘ചാനല്‍ 13’ ആണ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ കത്തില്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേലിനുള്ള ഭീഷണികള്‍ വര്‍ധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേഗമില്ലെന്നും ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പാളുന്നതിന് കാരണമാകുമെന്നും ഗാലന്റ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധത്തില്‍ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിര്‍ണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
Also Read: യുഎന്നിൽ ഇസ്രയേലിനെതിരെ അമേരിക്ക; ആയുധങ്ങൾ നൽകുന്നതിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഉണ്ടാവും
ഇറാനുമായി മൂര്‍ച്ഛിക്കുന്ന സംഘര്‍ഷാവസ്ഥ ബഹുതലങ്ങളില്‍ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നതാണെന്നതാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ നിലപാട്. ഇറാന് നേരെ നടന്ന ആക്രമണം പാളുകയും, ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പുതിയ സാഹചര്യത്തില്‍ ഇനി ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ എന്തായാലും പ്രധാനമന്ത്രി നെതന്യാഹുവിനും കഴിയുകയില്ല. ഇറാഖിലെ വ്യോമപാത ഇസ്രയേലിന് വിട്ടുനല്‍കിയതിനാല്‍ അമേരിക്കയും നിലവില്‍ ഇറാന്റെ ഭീഷണി നേരിടുന്നുണ്ട്. അമേരിക്കയിലേക്കും ഇസ്രയേലിലേക്കുമുള്ള ചരക്കുകപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെടുമെന്ന ആശങ്കയും വ്യാപകമാണ്. കടലില്‍ ചാവേറാക്രമണം നടത്തി വിറപ്പിക്കുന്ന ഹൂതികള്‍ക്ക് ഇറാനില്‍ നിന്നു മാത്രമല്ല റഷ്യയില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
ചെങ്കടലിലും അറബിക്കടലിലുമായി ഒക്ടോബര്‍ 28 ന് മാത്രം മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നതും, എടുത്തുപറയേണ്ട കാര്യമാണ്. ഇസ്രയേലി കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇസ്രയേലിലെ തുറമുഖങ്ങളെ സമീപിക്കാന്‍ ശ്രമിച്ചതിനാണ് കപ്പലുകള്‍ ലക്ഷ്യമിട്ടതെന്നാണ് ഹൂതി വക്താവ് യഹ്യ സരിയ അല്‍മാസിറ ടിവിയോട് വ്യക്തമാക്കിയിരിക്കുന്നത്.
Also Read: ‘ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ മാരകമായ പ്രഹരമേൽപ്പിക്കും’; ഇറാന് ഭീഷണിയുമായി ഇസ്രയേൽ
രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് തെക്കന്‍ അറബിക്കടലില്‍ എസ്സി മോണ്‍ട്രിയല്‍ എന്ന കപ്പലിനെയും, മെഴ്സ്‌ക് കൗലൂണ്‍ എന്ന ചരക്ക് കപ്പലിനെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ചെങ്കടലിലും ബാബ് അല്‍-മന്ദാബ് കടലിടുക്കില്‍ വച്ച്, മോട്ടാരോ എന്ന കപ്പലിനെയും ഹൂതികള്‍ ആക്രമിക്കുകയുണ്ടായി. ഇവിടെ ഉപയോഗിച്ചത് ബാലിസ്റ്റിക് മിസൈലുകളാണ്. മൂന്ന് കപ്പലുകളിലും വന്‍ സ്ഫോടനങ്ങള്‍ നടക്കുന്ന വീഡിയോയും യെമനിലെ അന്‍സാറുള്ള മീഡിയ സെന്ററില്‍ വച്ച് ഹൂതികള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇത്തരം ആക്രമണങ്ങള്‍ തുടരാനാണ് ഹൂതികള്‍ തീരുമാനിച്ചിരിക്കുന്നത്. കടലില്‍ ഹൂതികളാണെങ്കില്‍, കരയില്‍ ഇറാനും, ഹിസ്ബുള്ളയും, ഹമാസുമാണ് ഇസ്രയേലിനെതിരെ പോരാടുന്നത്. ഇവരെല്ലാം തന്നെ നിലവില്‍ റഷ്യയുടെ സ്ട്രാറ്റര്‍ജി പ്രകാരമാണ് നീങ്ങുന്നതെന്നാണ് ഇസ്രയേല്‍ സംശയിക്കുന്നത്. അതുകൊണ്ടാണ് ഇനിയും റിസ്‌ക്ക് എടുക്കാന്‍ പറ്റില്ല എന്ന ഒറ്റ കാരണം മുന്‍നിര്‍ത്തി മന്ത്രിസഭാ യോഗങ്ങള്‍ പോലും ഇസ്രയേല്‍ ഇപ്പോള്‍ ബങ്കറുകളില്‍ ആക്കിയിരിക്കുന്നത്.
Express View
വീഡിയോ കാണാം