പുതിയ ഹമാസ് തലവനെ വധിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ. ഹമാസിന്റെ പുതിയ നേതാവായി നിയമിതനായ യഹ്‌യ സിൻവാറിനെ ഉടനടി ഇല്ലാതാക്കാനാണ് ഇസ്രായേൽ മന്ത്രി ആഹ്വാനം ചെയ്തത്. ഹനിയ്യക്കുപകരം സിൻവാറിനെ നിയമിച്ചത് വേഗത്തിൽ ഉന്മൂലനം ചെയ്യാനും ഈ ഹീനമായ സംഘടനയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനുമുള്ള മറ്റൊരു ശക്തമായ കാരണമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ വിവാദ പരാമർശം. സമൂഹ മാധ്യമ സൈറ്റായ ‘എക്‌സി’ലാണ് കൊലവിളി പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച ഇറാൻ തലസ്ഥാനമായ തെഹ്റാനിൽവെച്ചാണ് ഹമാസ് മേധാവിയായിരുന്ന ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഹനിയ്യയെ നേരിട്ടു ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ തെഹ്‌റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേൽ ഇതുവരെ പരസ്യമായി ഉത്തരവാദിത്തമൊഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി. അതിനു പിന്നാലെയാണ് പുതിയ ഹമാസ് മേധാവിക്കെതിരെയും പരസ്യമായി മന്ത്രി വെല്ലുവിളി നടത്തിയിരിക്കുന്നത്.