റഫയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേൽ കൂട്ടക്കുരുതി; വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

റഫയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേൽ കൂട്ടക്കുരുതി;  വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു
റഫയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേൽ കൂട്ടക്കുരുതി;  വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

ഗസ: സുരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്ന പശ്ചിമ റഫയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. താല്‍-അസ് സുല്‍ത്താന്‍ മേഖലയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി.
കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. ഗസയിലെ മറ്റിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷ തേടിയെത്തിയവരാണ് റഫയില്‍ ടെന്റുകളില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു.

റഫ ആക്രമണത്തെ കൂട്ടക്കുരുതിയെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രായേലിന് ആയുധവും പണവും നല്‍കുന്ന യു.എസും ഈ കൂട്ടക്കുരുതിക്ക് ഉത്തരവാദികളാണെന്ന് ഹമാസ് നേതാവ് സാമി അബു സുഹാരി പറഞ്ഞു.

അതേസമയം, ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തങ്ങള്‍ നടത്തിയ ആക്രമണമാണിതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയതാണ് ആക്രമണം. ആക്രമണത്തെ തുടര്‍ന്നുള്ള തീപിടിത്തത്തെ കുറിച്ച് അവലോകനം ചെയ്യുകയാണെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ടെന്റുകള്‍ കത്തിയെരിഞ്ഞതോടെ ഇവക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.

ഗസയിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം വ്യാപകമാക്കിയിരിക്കുകയാണ്. റഫക്ക് പുറമേ ജബലിയ, നുസൈറത്ത് അഭയാര്‍ഥി പ്രദേശങ്ങളിലും ഗസ സിറ്റിയിലും ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 160ലേറെ പേരോളം ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top