ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു

ഇറാന് നേരെ നടത്തിയ ആക്രമണം ലോകത്തിന് മുന്നില്‍ ഇസ്രയേലിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവര്‍ക്ക് ഇതില്‍പ്പരം നാണക്കേട് എന്തായാലും വേറെ ഉണ്ടായിട്ടുണ്ടാവുകയില്ല

ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു
ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു

റാനെ ആക്രമിച്ച ഇസ്രയേല്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നിലിപ്പോള്‍ വല്ലാതെ നാണംകെട്ടിരിക്കുകയാണ്. ഗാസയിലും ലെബനനിലും പതിനായിരങ്ങളെ കൊന്നൊടുക്കിയ ഇസ്രയേലിന് ഇറാനില്‍… ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിലും ഭേദം ഇറാനെ, ഇസ്രയേല്‍ ആക്രമിക്കാതിരിക്കുന്നതായിരുന്നു എന്ന വികാരം ഇസ്രയേലികള്‍ക്ക് മാത്രമല്ല പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.

പാശ്ചാത്യ മാധ്യമങ്ങള്‍ ആഗ്രഹിച്ച തരത്തിലുള്ള ഒരു പ്രഹരം ഇറാന് ലഭിക്കാത്തതില്‍ മാത്രമല്ല ഈ ആക്രമണത്തിന് മുന്‍പ് അവര്‍ നല്‍കിയ ബില്‍ഡപ്പും…പ്രചരിപ്പിച്ച വാര്‍ത്തകളും… എല്ലാം തന്നെ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. മിഥുനം സിനിമയില്‍ ‘തലപൊട്ടിചിതറുമെന്ന ഭയം സൃഷ്ടിച്ച്, നടന്‍ നെടുമുടിവേണു തേങ്ങ ഉടച്ചതുപോലെ’ ഇസ്രയേല്‍ പൊട്ടിച്ചതും ഒടുവില്‍ ആവിയായി മാറിയ അവസ്ഥയാണ് നിലവിലുള്ളത്. ഇത് തന്നെയാണ് ഇസ്രയേല്‍ അനുകൂലികളായ മാധ്യമങ്ങള്‍ക്കും നാണക്കേടായിരിക്കുന്നത്.

Also Read: ഇസ്രയേൽ ആക്രമണം പാളി, കൊല്ലപ്പെട്ടത് രണ്ട് ഇറാൻ സൈനികർ മാത്രം, തിരിച്ചടിക്ക് ഇറാൻ

ഒക്ടോബര്‍ ഒന്നിന്… ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ മാരകമായ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്ന് പലവട്ടമാണ് പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. ‘ഇപ്പോള്‍ പൊട്ടിക്കും’ എന്ന തരത്തിലായിരുന്നു ഈ മുന്നറിയിപ്പും നല്‍കിയിരുന്നത്. ഒടുവില്‍ 25 ദിവസത്തിനുശേഷം അവര്‍ ആക്രമണം നടത്തിയപ്പോള്‍ അത്… അമേരിക്കയിലെ കൊച്ചുകുട്ടികള്‍ വെടിവച്ച് പഠിക്കുന്നത് പോലെയായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.

ഇസ്രയേല്‍ ഒക്ടോബര്‍ 26 ന്, ഇറാനെ ആക്രമിക്കാന്‍ ആധുനിക എഫ് -35 ജെറ്റുകള്‍ ഉള്‍പ്പെടെ 100-ലധികം യുദ്ധവിമാനങ്ങളെയാണ് വിന്യസിച്ചിരുന്നത്. ഇവ ഏകദേശം 2,000 കിലോമീറ്റര്‍ സഞ്ചരിച്ചെന്നാണ് ഇസ്രയേലിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ള വിമാനങ്ങളും ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.

F-35 Lightning

കൃത്യമായും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നതെന്ന് ഇസ്രയേല്‍ സൈന്യവും പിന്നീട് പ്രസ്താവന ഇറക്കുകയുണ്ടായി. ആക്രമണം കഴിഞ്ഞ് ഇസ്രയേല്‍ വിമാനങ്ങള്‍ തിരിച്ച് മടങ്ങിയതോടെയാണ് വാര്‍ത്തകളുടെ പെരുമഴയും പെയ്തിറങ്ങിയിരുന്നത്. ഇസ്രയേല്‍, ഇറാനെ ഇല്ലാതാക്കി കളഞ്ഞു എന്ന രൂപത്തില്‍… നിറംപിടിപ്പിച്ച വാര്‍ത്തകളാണ് ലോകം മുഴുവന്‍ നിറഞ്ഞിരുന്നത്. എന്തിനേറെ, നമ്മുടെ കൊച്ചു കേരളത്തിലെ മാധ്യമങ്ങള്‍ പോലും ഈ മോഡല്‍ വാര്‍ത്ത നല്‍കിയാണ് കളം നിറഞ്ഞിരുന്നത്.

ഇസ്രയേലിന്റെ അവകാശവാദം അതേപടി നല്‍കി ഇറാനില്‍ വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്ത മിക്ക മാധ്യമങ്ങള്‍ക്കും… വൈകിട്ടായതോടെ ഈ വാര്‍ത്ത ലഘൂകരിക്കേണ്ടി വന്നു എന്നതും നാം കണ്ട കാഴ്ചകളാണ്.

Also Read: അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി

‘ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നെന്നും ആകാശം മുഴുവന്‍ പൊടിപടലം കൊണ്ട് നിറഞ്ഞിരിക്കുകയാന്നെന്നും’ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇറാന്റെ ആകാശത്തിലൂടെ യാത്രാ വിമാനങ്ങള്‍ സഞ്ചരിക്കുന്നതിന്റെയും, ടെഹറാന്‍ നഗരത്തിലൂടെ വാഹനങ്ങള്‍ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് ‘ ഇറാന്‍ മാധ്യമങ്ങള്‍ മറുപടി നല്‍കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ, ഇസ്രയേലിന്റെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്നും ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചതെന്നുമുള്ള ഇറാന്‍ സൈന്യത്തിന്റെ വാര്‍ത്താക്കുറിപ്പും പുറത്ത് വരുകയുണ്ടായി.

ഇസ്രയേല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാല് ഇറാന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വിവരവും സൈനിക നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം തന്നെ ഇസ്രയേല്‍ ആക്രമണത്തെ ഇറാന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധിക്കുന്ന ആകാശ ദൃശ്യങ്ങളും ഇറാന്‍ സൈന്യം പുറത്ത് വിട്ടിരുന്നു. ഇസ്രയേല്‍ സൈന്യത്തെയും… പാശ്ചാത്യ മാധ്യമങ്ങളെയും അമ്പരിപ്പിച്ചതും ഈ ദൃശ്യങ്ങളാണ്.

Israeli strikes in Gaza 

ഇറാന് നേരെ നടത്തിയ ആക്രമണം ലോകത്തിന് മുന്നില്‍ ഇസ്രയേലിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവര്‍ക്ക് ഇതില്‍പ്പരം നാണക്കേട് എന്തായാലും വേറെ ഉണ്ടായിട്ടുണ്ടാവുകയില്ല. ഇവിടെയാണ് മിഥുനം സിനിമയിലെ ‘തേങ്ങ’ ഉടയ്ക്കലും നാം ഓര്‍ത്തുപോകുക.

ആകാശ ആക്രമണങ്ങളില്‍ ആധിപത്യമുണ്ടെന്ന് അഹങ്കരിച്ചിരുന്ന ഇസ്രയേലിന്റെ അവകാശവാദമാണ് ഇറാന്റെ ആകാശത്ത് തകര്‍ന്ന് വീണിരിക്കുന്നത്. ഇറാന്‍ പുതുതായി ആര്‍ജ്ജിച്ച സൈനിക കരുത്തിന്റെ തെളിവ് കൂടിയാണിത്. റഷ്യയില്‍ നിന്നും ടെക്‌നോളജിയിലുള്‍പ്പെടെ വിവിധ മേഖലകളിലെ സഹായം ഇതിനകം തന്നെ ഇറാന് ലഭിച്ചുകഴിഞ്ഞു എന്നതിന്റെ പ്രകടമായ സൂചനയായും ഈ പ്രതിരോധത്തെ വിലയിരുത്താവുന്നതാണ്.

Also Read: ഖമേനിയുടെ പിൻഗാമി ആരാകും? ഇസ്രയേൽ സംഘർഷത്തിനിടെ ഇറാനിൽ ചർച്ചകൾ സജീവം

അതേസമയം, ഇസ്രയേലിനെ സഹായിച്ചിട്ടില്ലെന്ന അമേരിക്കന്‍ വാദത്തിനെതിരെ ഇറാന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇറാഖിലെ… അമേരിക്ക നിയന്ത്രിക്കുന്ന വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ സായുധസേനയുടെ ജനറല്‍ പ്രസ്താവനയില്‍ ആരോപിച്ചിരിക്കുന്നത്. ഇറാന്റെ അതിര്‍ത്തി കടന്ന് ഒരു ഇസ്രയേല്‍ യുദ്ധവിമാനവും അകത്ത് കയറിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രവിശ്യകളായ ഇലം, ഖൂസെസ്താന്‍ എന്നിവിടങ്ങളിലും രാജ്യതലസ്ഥാനമായ ടെഹ്റാനിലുമുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തകരാറ് സംഭവിച്ച എല്ലാ റഡാര്‍ യൂണിറ്റുകള്‍ക്കും പകരം പുതിയവ ഇതിനകം തന്നെ ഇറാന്‍ സ്ഥാപിച്ചിട്ടുണ്ട്.

Satellite images show damage from Israeli strikes at 2 secretive Iranian military bases 

‘തങ്ങള്‍ക്കുനേരെ വന്ന മിസൈലുകളെ റഡാര്‍ സംവിധാനങ്ങള്‍ നേരത്തെ കണ്ടെത്തിയതിനാല്‍ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ ഇറാന്റെ വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഫലപ്രദമായി തടയാന്‍ കഴിഞ്ഞതായും -ഇറാന്‍ സായുധസേനാ ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, ഇറാനിനുള്ളില്‍ കയറി ആക്രമിച്ചെന്ന ഇസ്രയേല്‍ വാദവും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

Also Read: ‘ഷെ​യിം ഓ​ൺ യു’; നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധം

ഇറാന്‍ വ്യോമ പാതയില്‍ കയറി ആക്രമണം നടത്തിയതിന്റെ ഒരു തെളിവും ഇതുവരെ ഇസ്രയേലും പുറത്ത് വിട്ടിട്ടില്ല. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ നിന്നാണ് അമേരിക്കയുടെ സഹായത്തോടെ ഇസ്രയേല്‍, ഇറാനിലേക്ക് ആക്രമണം നടത്തിയിരിക്കുന്നത്. റിസള്‍ട്ട് പരിശോധിക്കുമ്പോള്‍ ഈ ആക്രമണത്തെ ഫലപ്രദമായി ഇറാന്‍ ചെറുത്തു എന്നതും കാണാന്‍ സാധിക്കും.

ഇസ്രയേലില്‍ ഉള്ളതുപോലെ ഒളിക്കാന്‍ സ്വന്തമായി ഭൂഗര്‍ഭ അറകളുള്ള ഒരു ജനതയല്ല ഇറാനിലുള്ളത്. മിസൈല്‍ പതിക്കുമെന്ന് മുന്‍കൂട്ടി അപായസൂചന നല്‍കുന്ന സൈറണുകളുണ്ട്. എന്നാല്‍ അതുകൊണ്ടും യാതൊരു പ്രയോജനവുമില്ല. ഇത്തരം പ്രതികൂല സാഹചര്യത്തിലും ഇറാന്‍ ഭരണകൂടം… ഇസ്രയേല്‍ ഭീഷണിക്ക് മുന്നില്‍ പതറിയിട്ടില്ല.

Also Read: ഇറാ​ൻ പ​ര​മോ​ന്ന​ത നേ​താവിന്റെ ട്വീറ്റർ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു

ഈ മനോവീര്യം തന്നെയാണ് പേര്‍ഷ്യന്‍ പോരാളികളുടെ പിന്‍മുറക്കാരുടെ കരുത്തെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. ഇസ്രയേല്‍ വലിയ രൂപത്തില്‍ ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണം നനഞ്ഞ പടക്കമായി മാറിയെങ്കിലും വ്യോമ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിച്ച നാല് സൈനികര്‍ കൊല്ലപ്പെട്ടതിനെ ഗൗരവമായാണ് ഇറാന്‍ ഭരണകൂടം കാണുന്നത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് തന്നെയാണ് ഇറാന്‍ പരമോന്നത നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഇറാന്റെ ശക്തിയും പ്രതികാരവും എന്താണെന്നത് ഇസ്രയേലിനെ അറിയിച്ച് കൊടുക്കണമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്’. ഇറാനെ ആക്രമിക്കാന്‍, അമേരിക്ക ഇറാഖിലെ അവരുടെ വ്യോമമേഖല വിട്ടു കൊടുത്തതിലും ഇറാന്‍ വലിയ കലിപ്പിലാണുള്ളത്. ഇറാന്റെ തിരിച്ചടി എപ്പോള്‍, എങ്ങനെ സംഭവിക്കുമെന്നതില്‍ അമേരിക്കയ്ക്കും വലിയ ആശങ്കയുണ്ട്. ഇറാന്‍ തിരിച്ചടിക്ക് മുതിരില്ലെന്ന അമേരിക്കന്‍ വിലയിരുത്തലുകള്‍ക്ക് തൊട്ടുപിന്നാലെയാണ് തിരിച്ചടിക്കാനുള്ള നിര്‍ദ്ദേശം ഇറാന്‍ പരമോന്നത നേതാവ് തന്നെ സൈന്യത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Express View

വീഡിയോ കാണാം


Top