ദുബൈ: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. നിരന്തരം വർധിച്ചുവരുന്ന സംഘർഷത്തിലും മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ആക്രമണമുണ്ടാക്കുന്ന അനന്തരഫലത്തിലും യു.എ.ഇ ഏറെ ആശങ്ക പ്രകടിപ്പിച്ചു.
ഏറ്റുമുട്ടലിന് പകരം നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും യു.എ.ഇ വിശദീകരിച്ചു. ഓരോ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കണമെന്നും ആത്മനിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ജോർഡന്, ഇറാന്, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ദുബൈ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ബഗ്ദാദിലേക്കും ഇറാനിലേക്കുമുള്ള വിമാനങ്ങള്‍ ഈ മാസം 30 വരെ എമിറേറ്റ്സ് എയര്‍ലൈന്‍സ് റദ്ദാക്കിയിട്ടുണ്ട്. ദുബൈ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.