CMDRF

ഇസ്രായേലിന്റെ ക്രൂരത; അഭയാര്‍ഥിക്യാമ്പിലെ ഗസ്സക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതിന് പിന്നാലെ ആക്രമണം

ഇസ്രായേലിന്റെ ക്രൂരത; അഭയാര്‍ഥിക്യാമ്പിലെ ഗസ്സക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതിന് പിന്നാലെ ആക്രമണം
ഇസ്രായേലിന്റെ ക്രൂരത; അഭയാര്‍ഥിക്യാമ്പിലെ ഗസ്സക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതിന് പിന്നാലെ ആക്രമണം

ഗസ്സ: നിരവധി തവണ വിവിധ ഇടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട്, നിലവില്‍ ഖാ ഖാന്‍ യൂനിസില്‍ തമ്പടിച്ച നാലുലക്ഷത്തോളം ഗസ്സക്കാരോട് അവിടം വിട്ടുപോകാന്‍ ശാസനം നല്‍കി ഇസ്രായേല്‍ സേന. ഇതിനുപിന്നാലെയാണ് ഇസ്രായേല്‍ സൈന്യം കരയില്‍നിന്നും ആകാശത്തുനിന്നും ആക്രമണം നടത്തിയത്. അതില്‍ 77 പേര്‍ കൊല്ലപ്പെട്ടതായും 200ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 30ലധികം പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഫലസ്തീന്‍ സിവിലിയന്‍മാരോട് കൂട്ടത്തോടെ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് മിനിറ്റുകള്‍ക്കകമാണ്, ഇസ്രായേല്‍ സൈന്യം വീണ്ടും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയത്. യുദ്ധടാങ്കുകളും വിമാനങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.

തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ ഏകദേശം 8.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളോടാണ് ഉടന്‍ കുടിയൊഴിയണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത്. നാലുലക്ഷത്തോളം മനുഷ്യരെ ഇത് ബാധിക്കുമെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഷെല്ലാക്രമണവും ബോംബ് വര്‍ഷവും തുടരുന്ന സാഹചര്യത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ആയിരക്കണക്കിന് ഫലസ്തീനികള്‍ വീണ്ടും പലായനം തുടങ്ങി. നേരത്തെ പലതവണ ആടിയോടിക്കപ്പെട്ടവരാണ് സുരക്ഷിത സ്ഥലങ്ങള്‍ തേടി വീണ്ടും യാത്ര തുടങ്ങിയത്.

ആക്രമണത്തില്‍ ബാക്കിയായവയും കുഞ്ഞുമക്കളെയും താങ്ങിപ്പിടിച്ചാണ് അഭയാര്‍ഥികളുടെ പലായനം. ഇത് എട്ടാമത്തെ തവണയാണ് ഇസ്രായേല്‍ സേന കുടിയൊഴിപ്പിക്കുന്നതെന്ന് അഭയാര്‍ഥികളിലൊരാളായ ഖൊലൗദ് അല്‍ ദദാസ് പറഞ്ഞു. എങ്ങോട്ടാണ് നടന്നു പോകുന്നത് എന്ന് അറിയില്ല. വീടുകളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഇസ്രായേല്‍ സേന വെടിവെക്കുകയും ബോംബിടുകയും ചെയ്യുകയാണ് അവര്‍ പറഞ്ഞു. ഫലസ്തീനിലെ പൊള്ളുന്ന ചൂടില്‍ തളര്‍ന്നു വീണ ദദാസിനെ കൂടെയുള്ളവര്‍ ഓടിയെത്തി താങ്ങിയെടുക്കുകയായിരുന്നു.

സുരക്ഷിത മേഖലയായി ഇസ്രായേല്‍ പ്രഖ്യാപിച്ച 14 കിലോമീറ്ററിനുള്ളിലുള്ള 1.8 ദശലക്ഷം പേര്‍ അഭയാര്‍ഥികളായി കഴിയുന്നെന്നാണ് കണക്ക്. തമ്പുകള്‍ നിറഞ്ഞ ഈ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. ആരോഗ്യ സേവനവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ എജന്‍സി ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. മാത്രമല്ല, മാലിന്യക്കൂമ്പാരത്തിനും അഴുക്കുവെള്ളത്തിനുമിടയിലാണ് ഇവരുടെ ജീവിതം.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേല്‍ വീണ്ടും പുതിയ ഒഴിപ്പിക്കല്‍ ഉത്തരവിട്ടത്. ചര്‍ച്ചകള്‍ക്കുള്ള സംഘത്തെ വ്യാഴാഴ്ച അയക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞത്. യു.എസ് നേതൃത്വത്തില്‍ ഖത്തറും ഈജിപ്തുമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് താല്‍പര്യമെടുക്കുന്നത്.

അതിനിടെ, ഇന്ന് പുലര്‍ച്ചെ വടക്കന്‍ ഗസ്സയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 39,006 ഗസ്സക്കാരെയാണ് ഇസ്രായേല്‍ സേന ഇതിനകം കൊലപ്പെടുത്തിയത്. പരിക്കേറ്റവരുടെ എണ്ണം 89,818 ആയി. എന്നിട്ടും ഇസ്രായേല്‍ സേന ഇതിന് ഒരു അറുതി വരുത്തുന്നില്ല.

Top