​ഇസ്രയേലിന്റെ കൂട്ടക്കുരുതി; 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 101 ജീവനുകൾ

​ഇസ്രയേലിന്റെ കൂട്ടക്കുരുതി; 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 101 ജീവനുകൾ

ഗസ്സ: ഇസ്രായേലിൻറെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.

അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു.

വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ കൊല്ലപ്പെട്ടു.

അതിനിടെ, ഇസ്രായേൽ വിദേശകാര്യ മന്ത്രി കാത് സ് ചർച്ചക്കായി അമേരിക്കയിലെത്തും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നൽകിയാണ് കാത് സിനെ ഇസ്രായേൽ അമേരിക്കക്ക് അയക്കുന്നത്. ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു.

നെതന്യാഹുവിൻറ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാ വിഭാഗം രംഗത്തെത്തി. നിരവധി പേർ അറസ്‌റ്റിലായി. വടക്കൻ അതിർത്തിയിൽ അഭയാർഥികളായി മാറിയ ഇസ്രായേലികൾ ജറൂസലമിൽ റാലി നടത്തി. ചെങ്കടലിൽ രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി ഹൂതികൾ. റൂ‌വെൽറ്റ് വിമാന വാഹിനി കപ്പൽ ഉടൻ മേഖലയിൽ എത്തുമെന്ന് പെൻറഗൺ അറിയിച്ചു.

Top