ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി പോലുമില്ലാത്ത നീക്കമാണ് യു.എന്‍.ആര്‍.ഡബ്ല്യു.എയെ ഭീകര സംഘടനയായി മുദ്രകുത്തിയതിലൂടെ ഇസ്രയേല്‍ നടത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ ബോംബെറിഞ്ഞും പട്ടിണിക്കിട്ടും കൊന്നശേഷം ഇസ്രയേല്‍ ഒടുവിലായി വെട്ടി വീഴ്ത്തുന്നത് പലസ്തീന്‍ ജനതയുടെ ജീവനാഡിയെക്കൂടിയാണ്. ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ ദാതാവാണ് ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ. 1949 ഡിസംബര്‍ എട്ടിനാണ് യുഎന്‍ആര്‍ഡബ്ല്യുഎ നിലവില്‍ വരുന്നത്.
മാതൃ-ശിശു സംരക്ഷണം, വാക്‌സിനേഷന്‍, മാനുഷിക സഹായം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ, ആരോഗ്യ സേവനങ്ങള്‍ക്കായി പലസ്തീന്‍ അഭയാര്‍ഥികള്‍ ആശ്രയിക്കുന്നത് യു.എന്‍.ആര്‍.ഡബ്ല്യു.എയെയാണ്. ഇസ്രയേല്‍ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഏജന്‍സിയുടെ ആരോഗ്യ ടീമുകള്‍ ഗാസ മുനമ്പില്‍ കര്‍മ്മനിരതരായി സേവനമനുഷ്ഠിച്ചു. ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ലബനാന്‍, സിറിയ എന്നിവിടങ്ങളിലെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കാണ് ഇവര്‍ സംരക്ഷണമേകുന്നത്.
Also Read: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന കടന്നാക്രമണവും, ഉപരോധവും, യുദ്ധവും, നരകം തീര്‍ത്ത ഗാസയില്‍ യു.എന്‍.ആര്‍.ഡബ്ല്യു.എ നിര്‍ത്തലാക്കിയാല്‍ അത് വ്യോമാക്രമണത്തേക്കാള്‍ കടുത്ത ആഘാതമാകും അവിടുത്തെ ജനങ്ങള്‍ക്കുണ്ടാകുക. ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനത്തെ, നിരോധനം സാരമായി ബാധിക്കും. പ്രദേശത്തെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ആളുകള്‍ ഏജന്‍സിയില്‍ നിന്നുള്ള സഹായത്തെയും സേവനങ്ങളെയും ആശ്രയിച്ചാണ് കഴിയുന്നത്.
ഇവയുടെ തകര്‍ച്ച തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സിയെ നിരോധിക്കുന്നതിലൂടെ ഇസ്രയേലും കണക്കുകൂട്ടുന്നത്. ഈ തീരുമാനത്തോടെ ഗാസയില്‍ ഇതിനകം തന്നെ കൈവിട്ടുപോയ ആരോഗ്യ സംവിധാനത്തിനുള്ളില്‍ ഒരു വലിയ വിടവ് സംഭവിക്കുമെന്നത് ഉറപ്പാണ്. ദശലക്ഷക്കണക്കിന് പലസ്തീന്‍ ജീവനുകളുടെ അപഹരണം തന്നെയാണ് ഈ ഭീകര സംഘടനാ പ്രഖ്യാപനത്തിന് പിന്നിലെ ഇസ്രയേലിന്റെ കുബുദ്ധിയും. നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് തിങ്കളാഴ്ചയാണ് ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. എന്നാല്‍ യുഎസും യുകെയുമുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിന്റെ ഈ നീക്കത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നു. നിരോധനം പുനഃപരിശോധിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
ഏഴ് പതിറ്റാണ്ടിലേറെയായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവശ്യ സഹായം നല്‍കിയ യുഎന്‍ ഏജന്‍സിയെ നിരോധിക്കുകയാണെങ്കില്‍ ഗാസയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യമുന്നയിച്ചു. ഇസ്രയേലിന്റെ തീരുമാനം കൂടുതല്‍ കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന് യൂനിസെഫ് അഭിപ്രായപ്പെട്ടു. പെട്ടെന്നുള്ള തീരുമാനം കുട്ടികളെ കൊല്ലാന്‍ ഒരു പുതിയ വഴി കണ്ടെത്തി എന്നാണ് അര്‍ഥമാക്കുന്നതെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എല്‍ഡെര്‍ പറഞ്ഞു. യുദ്ധത്തില്‍ ഇതിനോടകം 13,300-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്കെതിരെ കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ ഇസ്രയേല്‍ പണ്ടേ തുടങ്ങിയതാണ്. അന്താരാഷ്ട്ര നിയമങ്ങളെ ചവിട്ടിമെതിക്കുകയും മാനുഷിക സഹായം ആസൂത്രിതമായി തടയുകയും ചെയ്തുകൊണ്ട് പട്ടിണിയും സഹായ നിഷേധവും യുദ്ധായുധങ്ങളായി ഇസ്രയേല്‍ പ്രയോഗിക്കുകയാണ്. യു.എന്‍.ആര്‍.ഡബ്ല്യു.എയെ പൂട്ടിക്കാന്‍ പതിനെട്ടടവും പയറ്റി വന്ന ഇസ്രയേല്‍ ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ തൂഫാനുല്‍ അഖ്‌സ ഓപറേഷനില്‍ യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ പങ്കാളികളായി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതും ഇത് മുന്‍നിര്‍ത്തി തന്നെയായിരുന്നു.
Also Read: ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
ഹമാസ് നേതാക്കളുമായി യു.എന്‍.ആര്‍.ഡബ്ല്യു.എ സഹകരിക്കുന്നുണ്ടെന്നും, ഏജന്‍സിയുടെ ആസ്ഥാനങ്ങള്‍ക്ക് കീഴിലാണ് ഹമാസിന്റെ തുരങ്കങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്ന ആരോപണങ്ങളും ഇസ്രയേല്‍ പടച്ചുവിട്ടു. ഇതോടെ നിരവധി രാജ്യങ്ങള്‍ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവെക്കുകയുണ്ടായി. ഇത് സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചു. എന്നാല്‍ ആരോപണങ്ങള്‍ വെറും പൊള്ളവാദങ്ങളാണെന്ന് തെളിഞ്ഞതോടെ പല രാജ്യങ്ങളും ഫണ്ട് നല്‍കുന്നത് പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകരെ ചുട്ടുകരിച്ചും, ആസ്ഥാന മന്ദിരങ്ങള്‍ ബോംബിട്ട് തകര്‍ത്തും, മുന്നേറിയ ഇസ്രയേല്‍ നടപടികള്‍ ഒടുവിലിപ്പോള്‍ ഭീകര സംഘടനാ പ്രഖ്യാപനത്തില്‍ വരെ എത്തിനില്‍ക്കുകയാണ്…
ഗാസ മുനമ്പിലേക്ക് മാനുഷിക സഹായത്തിന് സൗകര്യമൊരുക്കുന്നുവെന്ന ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് നിലവിലെ നീക്കം. ഗാസയിലെ മാനുഷിക പ്രശ്‌നം പരിഹരിക്കാന്‍ 30 ദിവസത്തിനകം മാനുഷിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയ്ക്കും പുല്ലുവില കല്‍പ്പിച്ച ഇസ്രയേല്‍ നീക്കമെന്നും നാം ഓര്‍ക്കണം. ഇസ്രയേലിന് സൈനിക-സാമ്പത്തിക പിന്തുണ നല്‍കുന്ന മുന്‍നിര ദാതാവ് എന്ന നിലയില്‍ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും, അന്താരാഷ്ട്ര, യുദ്ധ നിയമങ്ങള്‍ ഇസ്രയേല്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ട ബാധ്യത അമേരിക്കയ്ക്കുണ്ട്.
Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
സാധാരണക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ സഹായം നിഷേധിക്കുന്ന ഇസ്രയേലിനെതിരെ ലോക നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നയതന്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സ്വാധീനവും അവര്‍ പ്രയോജനപ്പെടുത്തുക തന്നെ വേണം. യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കെതിരായ ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കകം, വടക്കന്‍ ഗാസയില്‍ കൂടുതല്‍ ഭീകരതയാണ് നാം കാണുന്നത്. തങ്ങളുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ തങ്ങിയ അഭയകേന്ദത്തിന് നേരെ ഇസ്രയേല്‍ ബോംബെറിഞ്ഞപ്പോള്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലുടനീളമുള്ള ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും സംരക്ഷണവും ആവശ്യമാണ്. സഹായം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ട ഈ സാഹചര്യത്തില്‍ യുഎന്‍ആര്‍ഡബ്ല്യുഎ നിരോധിച്ചുകൊണ്ട് ഇസ്രയേല്‍ ക്രൂരതയുടെ തീവ്രഭാവങ്ങളാണ് പ്രകടമാക്കുന്നത്. ഇസ്രയേലിന്റെ ഈ തീരുമാനം അധിനിവേശ പലസ്തീന്‍ പ്രദേശത്തുടനീളമുള്ള കുടുംബങ്ങളെ വിനാശകരമായി തന്നെ ബാധിക്കും. യുദ്ധത്തിന്റെ സകല നിയമങ്ങളെയും കാറ്റില്‍ പറത്തി ഇസ്രയേല്‍ നടത്തുന്ന തീക്കളിയുടെ ആഘാതം ഗാസയ്ക്ക് പുറത്തേക്കും വ്യാപിച്ചു കഴിഞ്ഞു. ഇത് നിയന്ത്രണമില്ലാത്ത യുദ്ധങ്ങള്‍ക്കും, യുദ്ധക്കെടുതികള്‍ക്കും കാരണമാകും.