ജറുസലേം: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കൻ ലബനാനിലെ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രയേൽ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്. ഇത് കൂടാതെ, ഫർചൗബയിലും ഷെബയിലും പീരങ്കി ആക്രമണം നടത്തിയതായും ഇസ്രയേൽ വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച തെക്കൻ ലബനനിലെ അയ്ത അൽഷാബിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയും ബൈത് ലിഫ്, തൊയ്ബ, ഒഡെയ്സ എന്നിവിടങ്ങളിലെ കെട്ടിടങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ആഗസ്റ്റ് 25ന് ഇസ്രയേലിലെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള കനത്ത ആക്രമണം നടത്തിയിരുന്നു.
Also Read: യുദ്ധഭീതിക്കിടയിലും ഗാസയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഊർജിതം
11 ഇസ്രയേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രയേലിന് ഹിസ്ബുള്ള നൽകിയത്. പകരം വീട്ടാൻ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഹിസ്ബുള്ള ആക്രമണം ഇസ്രയേലിൽ ഭീതി പരത്തി. മന്ത്രിമാരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ബങ്കറുകളിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ, ഇസ്രയേൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.