ആക്‌സിയം-4 ദൗത്യം: ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ശുഭാൻഷു ശുക്ല; സംഘത്തിൽ മലയാളിയും

ആക്‌സിയം-4 ദൗത്യം: ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ശുഭാൻഷു ശുക്ല; സംഘത്തിൽ മലയാളിയും
ആക്‌സിയം-4 ദൗത്യം: ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ശുഭാൻഷു ശുക്ല; സംഘത്തിൽ മലയാളിയും

ഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായി ശുഭാന്‍ഷു ശുക്ല. ഒക്ടോബറിന് ശേഷം വിക്ഷേപിക്കുന്ന ആക്‌സിയം-4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. ബഹിരാകാശ രംഗത്തെ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായാണ് ശുഭാന്‍ഷു ശുക്ലയ്ക്ക് (39) അവസരം ലഭിച്ചത്.

ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായി രണ്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെയാണ് തിരഞ്ഞെടുത്തത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനാണ് (48) മറ്റൊരാള്‍. നടി ലെനയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. എന്തെങ്കിലും കാരണത്താല്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ പ്രശാന്ത് ബാലകൃഷ്ണന് അവസരം ലഭിക്കും.

40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തുന്നത്. 1984 ല്‍ സോവിയറ്റ് യൂണിയന്റെ പേടകത്തില്‍ വ്യോമസേന വിങ് കമാന്‍ഡറായിരുന്ന രാകേഷ് ശര്‍മയാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി. ശുഭാന്‍ഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് പുറമെ ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ് എന്നിവരെയാണ് മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിനായി ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്. ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്നാണ് കരുതുന്നത്.

ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും ബഹിരാകാശ യാത്രയ്ക്കായി വര്‍ഷങ്ങള്‍ നീണ്ട പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ഐഎസ്ആര്‍ഒ-നാസ സഹകരണത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ശുഭാന്‍ഷു ശുക്ലയ്ക്കും, പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്കും ആക്‌സിയം-4 ദൗത്യത്തിന് വേണ്ടി എട്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നല്‍കും.

Top