കോഴിക്കോട്: പിഎസ്‌സി കോഴ ആരോപണം വിവാദമായതിന് പിന്നാലെ നടന്ന കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തില്‍ കയ്യാങ്കളി. പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭൂമി തരംമാറ്റാന്‍ പ്രമോദ് പണം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ശ്രീജിത്തുമായി നടന്ന ഭൂമി ഇടപാട് കോഴയുടെ ഭാഗമെന്നും ഭൂമി തരംമാറ്റുന്നതിന് ശ്രീജിത്തില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തില്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ബ്രാഞ്ച് അംഗം രംഗത്തെത്തിയതോടെ ബഹളം തുടങ്ങി. ഇത് പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. യോഗത്തില്‍ ഒന്നും പറയാന്‍ അനുവദിച്ചില്ലെന്ന് ബ്രാഞ്ച് അംഗം ഗിരീഷ് കുമാര്‍ പറഞ്ഞു. തരംമാറ്റാന്‍ പ്രമോദ് പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ ഗിരീഷ് ഭൂമി ഇടപാടില്‍ പ്രമോദ് ഇടപെട്ടത് തന്റെ ആവശ്യപ്രകാരമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പ്രമോദ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കിയത്. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്‌പെന്‍ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്‍പക്ഷം.
എന്തിന്റെ പേരിലാണ് സിപിഐഎം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തതെന്ന് വ്യക്തമാക്കാന്‍ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. കോട്ടൂളിക്കെതിരെ വെറുതെ പാര്‍ട്ടി നടപടി എടുക്കില്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. തങ്ങള്‍ക്ക് തങ്ങളുടെതായ നിലപാടുണ്ട്. പുറത്താക്കാനുള്ള കാരണം പാര്‍ട്ടിക്കകത്ത് പറയേണ്ടതാണ്, അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.