പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കി ഇസൂസു

ഡി-മാക്‌സ് ലൈനപ്പ് വിപുലീകരിക്കാനായി കൊണ്ടുവന്ന വാണിജ്യ മോഡലിന് ഒരുപാട് പ്രത്യേകതകളാണുള്ളത്

പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കി ഇസൂസു
പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കി ഇസൂസു

പിക്കപ്പ് ട്രക്കുകളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന വാഹന നിർമാതാക്കളാണ് ഇസൂസു. ഇപ്പോഴിതാ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനായി പിക്കപ്പിലേക്ക് പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഡി-മാക്‌സ് ലൈനപ്പ് വിപുലീകരിക്കാനായി കൊണ്ടുവന്ന വാണിജ്യ മോഡലിന് ഒരുപാട് പ്രത്യേകതകളാണുള്ളത്. പലതരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുന്ന തരത്തിലാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ ഇസുസു ഡി-മാക്‌സ് ക്യാബ്-ഷാസി പതിപ്പിന് 10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

പുതിയ ഡി-മാക്‌സ് 1.7 സിംഗിൾ ക്യാബ്-ഷാസി വേരിയന്റ് എഫ്എംസിജി, ഫുഡ് ആൻഡ് കാറ്ററിംഗ്, ലാസ്റ്റ് മൈൽ ഡെലിവറി എന്നിവയും അത്തരം കൂടുതൽ ആപ്ലിക്കേഷനുകൾക്കും അനുയോജ്യമായതാണെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. കൊമേഴ്‌സ്യൽ വാഹനമാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളാൽ ആള് സമ്പന്നനാണെന്ന് ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി സിംഗിൾ ക്യാബ് പിക്കപ്പിൽ ഇൻ്റീരിയറിന് ഫാബ്രിക് അപ്ഹോൾസ്റ്ററി, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്ററോടുകൂടിയ മൾട്ടി-ഇൻഫർമേഷൻ (MID) ഡിസ്‌പ്ലേ, കൊളാപ്സിബിൾ സ്റ്റിയറിംഗ് കോളം എന്നിവയും അതിലേറെയും പോലെയുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും ഇസൂസു ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്‌ട്രെയിനിനുള്ള അണ്ടർബോഡി സ്റ്റീൽ പരിരക്ഷയാണ് പിക്കപ്പിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇത് പാക്കേജിന് ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി പതിപ്പിന് കൂടുതൽ ഈട് നൽകുന്ന സംഗതിയാണ്. ഡി-മാക്‌സിന് ഒരു ബ്രേക്ക് ഓവർറൈഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്. ഇത് പാനിക് ബ്രേക്കിംഗിൽ എഞ്ചിൻ പവർ ഓഫ് ചെയ്യുന്ന ഫീച്ചറാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷൻ ചുമതലകൾക്കായി യഥാക്രമം മുൻവശത്തും പിന്നിലും ഇൻഡിപ്പെൻഡഡ് കോയിൽ സ്പ്രിംഗുകളും റിഗ്ഗിഡ് ലീഫ് സ്പ്രിംഗുകളുമാണ് കമ്പനി കൊടുത്തിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് അവരുടെ അതാത് ബിസിനസ് ആവശ്യകതകൾക്ക് ഏറ്റവും അനുയോജ്യമായ ലോഡ് ബോഡികൾ പൂർണമായും നിർമിക്കാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 3,800 ആർപിഎമ്മിൽ 78 bhp പവറും 1,500-2,400 ആർപിഎമ്മിൽ 176 Nm ടോർക്കും വികസിപ്പിക്കുന്ന പരിചിതമായ 2.5 ലിറ്റർ 4JA1 ഡീസൽ എഞ്ചിനാണ് ഇസൂസു ഡി-മാക്‌സ് ക്യാബ്-ഷാസി വേരിയൻ്റിന് കരുത്തേകുന്നത്.

ഈ ഡീസൽ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. കൊമേഴ്‌സ്യൽ വാഹനമായതിനാൽ തന്നെ ഓട്ടോമാറ്റിക് മോഡൽ വാഹനത്തിലില്ല. റിയർവീൽ ഡ്രൈവാണ് ഇസൂസുവിന്റെ പുതിയ ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി പതിപ്പ്. എക്സ്റ്റീരിയർ ഡിസൈൻ ലൈനപ്പിലെ മറ്റ് മോഡലുകൾക്ക് സമാനമായി തുടരുകയാണ് ചെയ്യുന്നത്.

Top