വയനാട് ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ഒരു മാസം

ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്

വയനാട് ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ഒരു മാസം
വയനാട് ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ഒരു മാസം

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്താണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെയാണ് മഹാദുരന്തം ഇല്ലാതാക്കിയത്.

ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുൾപൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവർന്നത്. 62 കുടുംബങ്ങൾ ഒരാൾ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിൻറെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ വിങ്ങുന്ന കാഴ്ചയ്ക്കാണ് ഈ നാട് സാക്ഷ്യം വഹിച്ചത്.

ദുരന്തത്തിൻറെ വ്യാപ്തിയെത്രയെന്ന് തിരിച്ചറിഞ്ഞത് പോലും രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് . ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വെച്ച് മനുഷ്യർ രക്ഷാപ്രവർത്തനം നടത്തി. ചാലിയാർപ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങൾ മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. 71 പേർക്ക് പരിക്കേറ്റു. 183 വീടുകൾ ഇല്ലാതായി 145 വീടുകൾ പൂർണമായും തകർന്നു.

Also read: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട്

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കൂട്ട സംസ്കാരവും ദുരത്തിനൊടുവിൽ കാണേണ്ടി വന്നു. ദുരിതത്തിലായ നാടിനെ ചേർത്ത് പിടിക്കാൻ നിരവധി സഹായ ഹസ്തങ്ങൾ വഴി സഹായങ്ങൾ എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യർ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്.

Top