CMDRF

ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിൽ

ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിൽ
ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും വൃത്തിയാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ശുചീകരണ തൊഴിലാളി ജോയിയുടെ അപകട മരണത്തിന് പിന്നാലെയാണ് തീരുമാനം. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷൻ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനം. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സബ് കളക്ടർ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയിൽവേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും.

ജോയിയുടെ അമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നൽകാമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പുമായി ചേർന്ന് ആലോചന നടത്തിയാകും പ്രവർത്തനങ്ങൾ. കൂടാതെ ആമയിഴഞ്ചാൻ തോടിൻ്റെ കരകളിൽ എഐ ക്യാമറ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. എഐ ഉൾപ്പെടെ 50 ക്യാമറകളാകും മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്ഥാപിക്കുക. തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ആകെ 12 കിലോ മീറ്ററാണ് ആമയിഴഞ്ചാൻ തോടുള്ളത്. ഇതില്‍ റെയിൽവേ ഭൂമിയിലൂടെ കടന്ന് പോകുന്നത് 117 മീറ്ററാണ്.

Top