ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിയിൽ ആ മുന്നണിയും സിപിഎം നേതൃത്വവും പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം. അതല്ലെങ്കിൽ പശ്ചിമ ബംഗാളിൻ്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് ഇടതുപക്ഷ കേരളവും വഴിമാറും.
രാഹുൽ ഇഫക്ടാണ് 2019-ൽ എന്ന പോലെ 2024ലും സംഭവിച്ചത് എന്ന് ഒരു വാദത്തിന് പറയാമെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളതെന്നത് ഒരു യാഥാർഥ്യമാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായിരിക്കുന്നത്. അതിൽ പ്രധാനം സംസ്ഥാന ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ്. തുടർച്ചയായി ഭരണം നടത്തുന്ന ഏത് സർക്കാറിനെതിരെയും സ്വാഭാവികമായും എതിർപ്പുകളും ശക്തമാകും. അതു തന്നെയാണ് കേരളത്തിലും സംഭവിച്ചിരിക്കുന്നത്. മാധ്യമങ്ങൾ കെട്ടി പൊക്കിയ സർക്കാർ – സിപിഎം വിരുദ്ധ ക്യാംപയിനും അത് ഏറ്റെടുത്ത് യുഡിഎഫും ബിജെപിയും നടത്തിയ പ്രചരണങ്ങളും ഒരു പരിധിവരെ ജനങ്ങൾക്കിടയിൽ ഏശിയിട്ടുണ്ട് എന്നു തന്നെ ഈ ഘട്ടത്തിൽ പറയേണ്ടി വരും. ഇത്തരം സംഘടിത ക്യാംപയിനുകളെ ഫലപ്രദമായി നേരിടാൻ സി.പി.എം സംവിധാനങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഇതൊരു വലിയ പോരായ്മ തന്നെയാണെന്നതും പറയാതെ വയ്യ.
തിരഞ്ഞെടുപ്പ് പരാജയത്തിലെ രണ്ടാമത്തെ കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഗുരുതര പിഴവാണ്. കാസർഗോഡ്, കൊല്ലം, പൊന്നാനി, പത്തനംതിട്ട മണ്ഡലങ്ങളിൽ, വലിയ പിഴവ് ആണ് സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ചിരിക്കുന്നത്. കാസർഗോഡ് മണ്ഡലത്തിൽ ടി.വി രാജേഷ്, അഖിലേന്ത്യാ കിസാൻ സഭ നേതാവ് വിജു കൃഷ്ണൻ, പി.പി ദിവ്യ, വി.പി.പി മുസ്തഫ എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥി ആക്കിയിരുന്നു എങ്കിൽ ഫലം തന്നെ തിരിച്ചാവുമായിരുന്നു. സിപിഎമ്മിൻ്റെ ശക്തി കേന്ദ്രമായ മണ്ഡലങ്ങൾ ഉൾപ്പെടുന്ന കാസർഗോഡ് ലോക്സഭ മണ്ഡലത്തിൽ 2019-ൽ അട്ടിമറി വിജയം നേടിയ രാജ് മോഹൻ ഉണ്ണിത്താന് ആ വിജയം ആവർത്തിക്കാൻ കഴിയാവുന്ന ഒരു രാഷ്ട്രീയ സാഹചര്യവും ഇത്തവണ മണ്ഡലത്തിൽ ഇല്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞത് സ്ഥാനാർത്ഥി നിർണയത്തിലെ പിഴവ് തന്നെയാണ്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെ അദ്ദേഹത്തിൻ്റെ പ്രായം പോലും പരിഗണിക്കാതെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപ്പര്യപ്രകാരമാണെന്നതും അറിയേണ്ടതുണ്ട്. പ്രചരണ രംഗത്ത് വലിയ ഒരു പരാജയമായി മാറിയ സ്ഥാനാർഥി ആയിരുന്നു ബാലകൃഷ്ണൻ എന്നതും ഇതിനകം തന്നെ വിലയിരുത്തപ്പെട്ടിട്ടുള്ള കാര്യമാണ്.
പാർട്ടിയാണ് സ്ഥാനാർഥിയാക്കിയത് എന്നും എല്ലാം പാർട്ടിയാണ് തീരുമാനിച്ചത് എന്നു പറഞ്ഞും സ്ഥാനാർത്ഥി നിർണ്ണയത്തെ ന്യായീകരിക്കാൻ ഏതെങ്കിലും നേതാക്കൾ ശ്രമിച്ചാൽ അത് അംഗീകരിച്ച് കൊടുക്കാൻ കഴിയുകയില്ല. പാർട്ടി എന്നു പറഞ്ഞാൽ ബഹിരാകാശത്ത് നിന്നും വന്ന ഏതെങ്കിലും സംവിധാനം ഒന്നും അല്ല. നേതാക്കൾ യോഗം ചേർന്ന് എല്ലാ വശങ്ങളും പരിശോധിച്ച് ഭൂരിപക്ഷ അഭിപ്രായ പ്രകാരം എടുക്കുന്ന തീരുമാനമാണ് കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് തീരുമാനമായി വരേണ്ടിയിരുന്നത്. അത്തരം ഒരു ചർച്ച നടത്തി എടുത്ത തീരുമാനപ്രകാരമാണ് എം.വി ബാലകൃഷ്ണൻ സ്ഥാനാർഥി ആയതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. വിജയമാണ് അനിവാര്യമെങ്കിൽ ഒരിക്കലും എം.വി ബാലകൃഷ്ണനെ സ്ഥാനാർത്ഥി ആക്കില്ലായിരുന്നു. രാജ് മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കാൻ പാർട്ടിയിലെ വിവാദ നേതാവ് ഉണ്ടാക്കിയ തിരക്കഥ പ്രകാരമാണ് ഈ സ്ഥാനാർഥിത്വമെന്ന ആരോപണത്തിന് പ്രസക്തി ഏറുന്നതും ഇവിടെയാണ്. രാജ്മോഹൻ ഉണ്ണിത്താൻ മുൻപ് ഈ നേതാവുമായുള്ള അടുപ്പം തുറന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ ഇടതു സൈബറിടങ്ങളിൽ പോലും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പത്തനംതിട്ടയിൽ തോമസ് ഐസക്ക് മികച്ച സ്ഥാനാർഥി ആണെങ്കിലും ആ ലോകസഭ മണ്ഡലത്തിൽപ്പെട്ട ആളല്ല എന്നതും പ്രബല ക്രൈസ്തവ സഭ നേതൃത്വത്തിന് സ്വീകാര്യനല്ല എന്നതുമാണ് തിരിച്ചടിയായിരിക്കുന്നത്. ഇവിടെ മുൻ എംഎൽഎ രാജു എബ്രഹാം ആയിരുന്നു സ്ഥാനാർഥിയെങ്കിൽ ഇടതുപക്ഷത്തിൻ്റെ സാധ്യത വർധിക്കുമായിരുന്നു. കൊല്ലത്ത് മുകേഷ് എംഎൽഎയെ നിർത്തിയതും ഒരു പാളിച്ചയാണ്. മണ്ഡലത്തിലെ ജനങ്ങളുടെ മാത്രമല്ല പാർട്ടി അണികളുടെ വികാരം പോലും മാനിക്കാത്ത സ്ഥാനാർഥി നിർണയമായിരുന്നു അത്.
സമസ്ത പിന്തുണയ്ക്കും എന്നു കരുതി മുൻ ലീഗ് നേതാവ് കെ.എസ് ഹംസയെ പൊന്നാനിയിൽ സ്ഥാനാർഥി ആക്കിയതും വലിയ തിരിച്ചടി ആയാണ് മാറിയിരിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം ആദ്യം മുന്നോട്ട് വച്ച പേര് വെട്ടിയാണ് കെ.എസ് ഹംസയെ ഇവിടെ രംഗത്തിറക്കിയിരുന്നത്.
ഇതെല്ലാം സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവുകളാണെങ്കിൽ തിരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജൻ നടത്തിയ വെളിപ്പെടുത്തൽ മതന്യൂനപക്ഷങ്ങളെ ഉൾപ്പെടെ ആശങ്കയിൽ ആഴ്ത്തുന്നതായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വീട്ടിൽ എത്തിയ കാര്യം തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി ജയരാജൻ വെളിപ്പെടുത്തിയതാണ് തിരിച്ചടിയായത്. യുഡിഎഫ് വലിയ രൂപത്തിൽ ഇതും ഇടതുപക്ഷത്തിന് എതിരെ പ്രയോഗിച്ചിട്ടുണ്ട്. ഇപിയുടെ അനവസരത്തിലെ പ്രതികരണം ഇടതുപക്ഷത്തിന് ലഭിക്കേണ്ടിയിരുന്ന മത ന്യൂനപക്ഷങ്ങളുടെ വോട്ടിനെ സാരമായി ബാധിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യങ്ങൾ ഇനിയെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ അത് ഇടതുപക്ഷ രാഷ്ട്രീയത്തോട് കാണിക്കുന്ന അനീതിയാവുമെന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ ഞങ്ങൾ തുറന്നു പറയുന്നത്. വിമർശനവും സ്വയം വിമർശനവും നടത്തുന്ന സിപിഎം ഇക്കാര്യങ്ങൾ ആഴത്തിൽ പരിശോധിച്ച് തെറ്റ് തിരുത്തൽ നടപടികൾ സ്വീകരിക്കണം. ഇടതുപക്ഷ രാഷ്ട്രീയം കേരളത്തിൽ അസ്തമിച്ചാൽ അത് കേരളം അസ്തമിക്കുന്നതിന് തുല്യമാണെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് ഇതെല്ലാം പറയേണ്ടി വരുന്നത്.
ഇതോടൊപ്പം തന്നെ മറ്റൊരു കാര്യവും പറയാതിരിക്കാൻ കഴിയുകയില്ല. വടകരയിൽ ഷാഫി പറമ്പലിനു സാമുദായിക നിറം നൽകി വോട്ട് പിടിച്ചവർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ സംഘപരിവാർ രാഷ്ട്രീയത്തെ തടഞ്ഞു നിർത്താൻ കമ്യൂണിസ്റ്റു പാർട്ടികൾക്കു മാത്രമാണ് കഴിയുക. ഇത്രയും കാലം സിപിഎമ്മും ഇടതുപക്ഷവും ഒരു സിസിടിവി പോലെ ജാഗ്രത പുലർത്തിയതു കൊണ്ടു മാത്രമാണ് ഇവിടെ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാകാതിരുന്നത്. അതല്ലാതെ കോൺഗ്രസ്സിൻ്റെ കേമത്തരം കൊണ്ടല്ല. കൈപ്പത്തിക്ക് ആഞ്ഞ് കുത്തിയവർ അതും കൂടി ഓർത്തു കൊള്ളണം. തൃശൂരിൽ കൈപ്പത്തിയിൽ നിന്നാണ് താമര വിരിഞ്ഞിരിക്കുന്നത്. നേമത്ത് സിപിഎം പൂട്ടിച്ച അക്കൗണ്ടാണ് കോൺഗ്രസ്സിൻ്റെ സിറ്റിംഗ് സീറ്റായ തൃശൂരിൽ ബിജെപി തുറന്നിരിക്കുന്നത്. ഇവിടെ മൂന്നാം സ്ഥാനത്തേക്കാണ് കോൺഗ്രസ്സ് തള്ളപ്പെട്ടിരിക്കുന്നത്. ഇനി പാലക്കാട് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും കോൺഗ്രസ്സായിട്ട് ഇപ്പോൾ തുറന്നു കൊടുത്തിട്ടുണ്ട്. ഷാഫി പറമ്പലിന് ജയ് വിളിക്കുന്നവർ അതുകൂടി മനസ്സിലാക്കുന്നത് നല്ലതാണ്.
EXPRESS KERALA VIEW