തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ഗുണകരമായെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവടരങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തൃശൂരിലും ചേലക്കരയിലും സംഘടനാവീഴ്ചയുണ്ടായി. വോട്ട് ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചു. ആര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. തൃശൂരില്‍ കെ മുരളീധരന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സെന്റും രാജിവെച്ചിരുന്നു.
നേരത്തെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളുള്‍പ്പെടുന്ന ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ തോല്‍വിയിലും പ്രത്യേക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രധാന നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സ്ഥാനാര്‍ത്ഥിയുടെ വീഴ്ച്ചയും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അതേസമയം റിപ്പോര്‍ട്ടിനുമേല്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ നടപടികളിലേക്ക് കടക്കില്ല. ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് കടുത്ത നടപടികള്‍ ഒഴിവാക്കുന്നത്.