CMDRF

കോൺഗ്രസ്സ് സർക്കാറിൻ്റെ ഭാഗത്ത് വന്നത് ഗുരുതര വീഴ്ച, ഇൻ്റലിജൻസ് സംവിധാനത്തിലും പാളിച്ച വ്യക്തം

കോൺഗ്രസ്സ് സർക്കാറിൻ്റെ ഭാഗത്ത് വന്നത് ഗുരുതര വീഴ്ച, ഇൻ്റലിജൻസ് സംവിധാനത്തിലും പാളിച്ച വ്യക്തം
കോൺഗ്രസ്സ് സർക്കാറിൻ്റെ ഭാഗത്ത് വന്നത് ഗുരുതര വീഴ്ച, ഇൻ്റലിജൻസ് സംവിധാനത്തിലും പാളിച്ച വ്യക്തം

ലയാളി ലോറി ഡ്രൈവറെ കർണ്ണാടക മണ്ണിടിച്ചിലിൽ കാണാതായ സംഭവത്തിൽ, കർണ്ണാടകയിലെ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച പറ്റി എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അർജുൻ ഓടിച്ച ലോറിയിൽ ഉണ്ടായിരുന്ന മരത്തടികൾ പിറ്റേ ദിവസം രാവിലെ തന്നെ പുഴയിലൂടെ ഒഴുകിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ മരത്തടികൾ അവിടെ ഉള്ള നാട്ടുകാർ എടുക്കുകയും ചെയ്തിരുന്നു എന്നാണ് പ്രാദേശികവാസികൾ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പ്രതികരണം പ്രമുഖ വാർത്താ ചാനലാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഒരു അപകടം നടന്നു 10 ദിവസം കഴിഞ്ഞിട്ട് ആണ് ഈ വിവരങ്ങൾ പോലീസ് അറിയുന്നത് എന്ന ഒറ്റ വിഷയത്തിൽ നിന്നു തന്നെ അവിടുത്തെ സംവിധാനം എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നത് വ്യക്തമാണ്. ലോറി ഡ്രൈവർ അർജുനെ കാണാതായ സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ കർണ്ണാടകയിലെ രഹസ്യാന്വേഷണ വിഭാഗങ്ങളും ജില്ലാ ഭരണകൂടവും ഉണർന്നു പ്രവർത്തിച്ചിരുന്നു എങ്കിൽ, ഇപ്പോൾ അറിഞ്ഞ വിവരം നേരത്തെ അറിയാനും, രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നദി കേന്ദ്രീകരിച്ച് നടത്താനും കഴിയുമായിരുന്നു. നദിയുടെ പരിസരങ്ങളിൽ താമസിക്കുന്ന ഗ്രാമീണരെ കേന്ദ്രീകരിച്ചുള്ള ഒരു വിവര ശേഖരണം അവിടെ നടന്നിട്ടില്ല എന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്.

ലോറി സംബന്ധിച്ചോ മരത്തടി സംബന്ധിച്ചോ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിലൂടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയും താഴെ തട്ടിലേക്ക് നിർദ്ദേശം നൽകാമായിരുന്നു. കേരളത്തിൽ ആയിരുന്നു ഇത്തരമൊരു അപകടം നടന്നതെങ്കിൽ ഇതെല്ലാം തന്നെ നിമിഷ നേരം കൊണ്ടു നടക്കുമായിരുന്നു. കേരളത്തിൻ്റെ അതിജീവന ചരിത്രവും അതാണ്. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഈ ജാഗ്രത തന്നെയാണ്.

മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുൻ കാണാതായ വിവരം അപകടം നടന്നു 3 ദിവസം കഴിഞ്ഞു മാത്രമാണ് കേരളത്തിൽ ചർച്ചയാവുന്നത്, ആ ദിവസം പോലും അവിടെ തിരച്ചിലിന് പോലീസ് സംവിധാനവും മറ്റും ഉണ്ടായിരുന്നില്ല എന്നതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.

യഥാർത്ഥത്തിൽ കർണ്ണാടക സർക്കാർ ഈ വിഷയത്തെ ഗൗരവമായി കണ്ടത്, കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയം വൻ വിഷയമാക്കി ഉയർത്തിക്കാട്ടുകയും, തുടർന്ന് കോൺഗ്രസ്സ് പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ്.

കർണ്ണാടക ഭരിക്കുന്നത് കോൺഗ്രസ്സ് ആയതിനാൽ, സർക്കാർ അനാസ്ഥയിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വവും വെട്ടിലായിരുന്നു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള കേരളത്തിലെ മന്ത്രിമാരും കർണ്ണാടക സർക്കാറിനെ വിമർശിച്ച് രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. കർണ്ണാടകയ്ക്ക് രക്ഷാപ്രവർത്തനത്തിന് സംവിധാനം ഇല്ലെങ്കിൽ അത് ഏർപ്പെടുത്താനും കേരള സർക്കാർ തയ്യാറായിരുന്നു. ഇതോടെയാണ് കെ.സി വേണുഗോപാലും വി.ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കളും കർണ്ണാടക സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ നിർബന്ധിക്കപ്പെട്ടിരുന്നത്.

പ്രകൃതി ദുരന്തങ്ങൾ വന്നാൽ, അതിനെ അതിജീവിക്കാൻ കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ കാണിക്കുന്ന ഇടപെടൽ പോലും കർണ്ണാടക പോലുള്ള ഒരു സംസ്ഥാനത്ത് കോൺഗ്രസ്സ് സർക്കാർ കാണിച്ചിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ശക്തവും ദീർഘ വീക്ഷണവും ഉള്ള ഒരു സർക്കാർ സംവിധാനത്തിന് മാത്രമേ, ഉദ്യോഗസ്ഥ സംവിധാനത്തെയും ഫലപ്രദമായി ചലിപ്പിക്കാൻ കഴിയൂ. കർണ്ണാടക സർക്കാർ ഇപ്പോൾ കാണിക്കുന്ന ഇടപെടൽ, നേരത്തെ നടത്തിയിരുന്നു എങ്കിൽ അർജുൻ ഉൾപ്പെടെ അപകടത്തിൽപ്പെട്ടവരെയും കാണാതായ ലോറിയെയും നേരത്തെ തന്നെ കണ്ടെത്താമായിരുന്നു. കോൺഗ്രസ്സുകാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇക്കാര്യം പറയാതിരിക്കാൻ കഴിയുകയില്ല.

REPORT: BlBURAJ

Top