മണ്ണഞ്ചേരി: മണ്ണഞ്ചേരി പ്രദേശത്തു നടന്ന മോഷണ ശ്രമത്തിന് പിന്നിൽ തമിഴ് കുറുവ സംഘമെന്ന് സൂചന ലഭിച്ചതായി പൊലീസ്. നിലവിൽ ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത വേണമെന്ന് പൊലീസ് അറിയിച്ചു. നേതാജി ജങ്ഷന് സമീപം മണ്ണേഴത്ത് വീട്ടിൽ രേണുക അശോകന്റെ വീട്ടിൽ നടന്ന മോഷണശ്രമത്തെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചത്.
പൊലീസിന് ലഭിച്ച ദൃശ്യങ്ങളിൽ രണ്ട് പേരാണുള്ളത്. ഇവർ ഇത്തരത്തിൽ മുഖം മറച്ച് അർധനഗ്നരായി പ്രത്യേക രീതിയിൽ നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. രാത്രിയുടെ മറവിലാണ് ഇവർ എത്താറുള്ളത്. ഇവരുടെ വേഷവും ശരീരഭാഷയിൽ നിന്നുമാണ് നിലവിൽ പൊലീസിന് ഇത് കുറുവ സംഘമാണെന്ന് മനസിലായത്. രേണുകയുടെ വീടിന്റെ അടുക്കള വാതിൽ തുറന്ന് മോഷ്‌ടാക്കൾ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
Also Read : റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചയാളെ അറസ്റ്റ് ചെയ്തു
എന്നാൽ അടുത്ത ദിവസം പുലർച്ചെയാണ് രേണുക ഈ മോഷണശ്രമം അറിഞ്ഞത്. തുടർന്ന് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സമീപത്തെ വീട്ടിലെ സി.സി ടി.വിയിൽ നിന്നുമാണ് ഇപ്പോൾ മോഷ്‌ടാക്കളുടെ ദൃശ്യം ലഭിച്ചത്.