മുഖം മാത്രം മിനുങ്ങിയാല്‍ പോരാ..!

മുഖം മാത്രം മിനുങ്ങിയാല്‍ പോരാ..!

ളങ്കമില്ലാത്തതും ആരോഗ്യമുള്ളതുമായ ചര്‍മ്മമാണ് ഏതൊരാളും സ്വപ്നം കാണുന്നത്. പാടുകളും മറ്റും അകറ്റി നിര്‍ത്തി കൊണ്ട് തിളക്കമുള്ള ചര്‍മ്മം നേടിയെടുക്കുന്നത് അല്പം കഷ്ടപ്പാടുള്ള കാര്യമാണ്. ഇതിനായി ഒരുപാട് കാര്യങ്ങള്‍ നാം ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. ചര്‍മ്മ പരിപാലനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘട്ടമാണ് മോയ്‌സ്‌ചറൈസിങ്. ആരോഗ്യമുള്ള ചര്‍മ്മത്തെ സ്വപ്നം കാണുന്ന ഒരാള്‍ക്ക് മോയ്‌സ്‍ചറൈസിങ് രീതികള്‍ ഒഴിവാക്കാനാവുന്ന ഒരു കാര്യമല്ല എന്നകാര്യം എല്ലാവര്‍ക്കും അറിയാം. മോയ്‌സ്ചറൈസര്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നും ഇത് പ്രയോഗിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും അറിയാമോ? ഇന്ന് നമുക്കത് കണ്ടെത്താം.

നമുക്ക് അറിയാവുന്നത് പോലെ തന്നെ വരണ്ട ചര്‍മ്മസ്ഥിതിയെ പ്രതിരോധിച്ചു കൊണ്ട് ചര്‍മത്തിന് ആവശ്യമായ ഈര്‍പ്പം നല്‍കുക എന്നതാണ് ഒരു മോയ്‌സ്ചറൈസറിന്റെ അടിസ്ഥാന ധര്‍മ്മം. ഈ പ്രവൃത്തി തല്‍ക്ഷണം തന്നെ ചര്‍മ്മത്തിന് ജലാംശം നല്‍കിക്കൊണ്ട് വീണ്ടും വരണ്ടതായി മാറാതിരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇതില്‍ മാത്രമായി ഒതുങ്ങുന്നതല്ല മോയ്‌സ്‌ചറൈസറുകളുടെ ഗുണങ്ങള്‍. ഇതിനുമപ്പുറം ഇവയ്ക്ക് നല്‍കാന്‍ കഴിയുന്ന ഗുണങ്ങള്‍ ഒരുപാടുണ്ട്. അവയില്‍ ചിലത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തണുത്ത കാലാവസ്ഥ അല്ലെങ്കില്‍ ചൂടുള്ള കാലാവസ്ഥ, എയര്‍ കണ്ടീഷനിംഗ് അല്ലെങ്കില്‍ ഇന്‍ഡോര്‍ ചൂട് തുടങ്ങിതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പാരിസ്ഥിതിക മാറ്റങ്ങളെല്ലാം ചര്‍മ്മത്തില്‍ നിന്ന് വേഗത്തില്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ഇവിടെയാണ് ഒരു നല്ല മോയ്‌സ്‌ചറൈസർ മികച്ചതായി പ്രവര്‍ത്തിക്കുന്നത്. ജലാംശം കുറയുന്നതാണ് ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം. നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വരകളും, ചുളിവുകളും നേരത്തെ തന്നെ തടഞ്ഞു നിര്‍ത്തുന്നതിനായി മോയ്‌സ്‌ചറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ മുഖത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതോടൊപ്പം ചര്‍മ്മത്തെ ഉറപ്പുള്ളതും കളങ്കമില്ലാത്തതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന് ഉടമയാണ് നിങ്ങളെങ്കില്‍ മുഖക്കുരുവിന്റെ പ്രശ്‌നങ്ങള്‍ നിങ്ങളെ ഏറ്റവുമധികം അലട്ടുന്നുണ്ടാവും എന്ന് തീര്‍ച്ചയാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ മുഖചര്‍മ്മത്തില്‍ ഈര്‍പ്പം കുറയുന്നതുകൊണ്ടാണ് ചര്‍മ്മത്തിന് വരള്‍ച്ച അനുഭവപ്പെടുന്നതും എണ്ണയുടെ ഉല്‍പാദനം വര്‍ധിപ്പിക്കപ്പെടുന്നതുമെല്ലാം. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ ഉല്‍പാദനം കൂടുമ്പോള്‍ അത് ബ്രേക്ക്ട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ചര്‍മ്മം ആദ്യമേ തന്നെ ശരിയായ രീതിയില്‍ ജലാംശമുള്ളതാക്കി മാറ്റിയെടുക്കുകയാണെങ്കില്‍, ചര്‍മത്തിലെ അധിക എണ്ണ ഉല്‍പാദനത്തെ തടയാന്‍ സാധിക്കും. തണുപ്പേറിയ മാസങ്ങളില്‍ പോലും സണ്‍സ്‌ക്രീന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് എത്രമാത്രം പ്രാധാന്യമേറിയതാണ് എന്ന കാര്യം നിങ്ങളോട് പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. ചര്‍മ്മരോഗ വിദഗ്ധര്‍ അടക്കം നിര്‍ദേശിക്കുന്നത് എല്ലാ ദിവസവും പുറത്തിറങ്ങുന്നതിനു മുന്‍പ് സണ്‍സ്‌ക്രീനുകള്‍ കൃത്യമായി ഉപയോഗിക്കണമെന്നാണ്. സൂര്യ രശ്മികളില്‍ നിന്നും ഏല്‍ക്കുന്ന പ്രകോപനങ്ങളെ ഒഴിവാക്കാനായി മോയ്‌സ്‌ചറൈസർ അടങ്ങിയിട്ടുള്ള ഒരു 2-ഇന്‍ -1 സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.

രാവിലെയും രാത്രിയുമെല്ലാം മുഖം കഴുകിയ ഉടന്‍ തന്നെ മോയ്‌സ്‌ചറൈസ് പ്രയോഗിക്കുന്നതാണ് ചര്‍മ്മത്തിന് ഏറ്റവും നല്ലത്. രാവിലെ ഏതെങ്കിലും കട്ടി കുറഞ്ഞ മോയ്‌സ്‌ചറൈസർ തിരഞ്ഞെടുക്കുക. വൈകുന്നേരങ്ങളില്‍ ചര്‍മം കൂടുതല്‍ വരണ്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ വീര്യമേറിയ മോയ്‌സ്‌ചറൈസുകളാകും ഉചിതം. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം, പരിപോഷിപ്പിക്കല്‍, അസ്വസ്ഥതകള്‍ ഒഴിവാക്കല്‍ തുടങ്ങിയതിനെല്ലാം ഇതിന്റെ പതിവായുള്ള ഉപയോഗം നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും, കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഖത്ത് മോയ്‌സ്‌ചറൈസിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കിടക്കുന്നതിന് മുന്‍പായി മോയ്‌സ്‌ചറൈസർ പ്രയോഗിക്കുന്നതും മികച്ച തീരുമാനമാണ്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും മുന്‍പായി വേണം ഇത് ചെയ്യാന്‍.

Top