കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ; നടി രഞ്ജിനി

കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ; നടി രഞ്ജിനി
കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ; നടി രഞ്ജിനി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ട എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയില്‍ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും രഞ്ജിനി പറഞ്ഞു. കമ്മിറ്റിക്ക് മുന്നില്‍ പലതും പറഞ്ഞിട്ടുണ്ട്. സ്വകാര്യതയുടെ പ്രശ്‌നമുണ്ടെന്നും രഞ്ജിനി പറഞ്ഞു.

‘ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാനുള്‍പ്പെടെയുള്ള സ്ത്രീകള്‍ മൊഴി കൊടുത്തിട്ടുണ്ട്. നാല് വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇരുന്നത്. ഞങ്ങള്‍ കൊടുത്ത മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് യാതൊന്നും ഞങ്ങള്‍ക്കറിയില്ല. അത് കാണണമല്ലോ. ഞങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. അത് തെറ്റല്ലേ. പുറത്തുവരാന്‍ പാടില്ലെന്ന് പറഞ്ഞാണ് ഞങ്ങള്‍ മൊഴി നല്‍കിയത്.’ രഞ്ജിനി പറഞ്ഞു.

നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുമ്പോള്‍ പോലും അവര്‍ വായിച്ചുകേള്‍പ്പിച്ച ശേഷമാണ് ഒപ്പിടുന്നത്. അങ്ങനെയിരിക്കെയാണ് തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടുന്നത്. തനിക്ക് റിപ്പോര്‍ട്ട് കിട്ടണം. താല്‍പര്യത്തിന് പിന്നില്‍ മറ്റു പ്രേരണയൊന്നുമില്ല. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. തന്നെ കാണിക്കാതെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും രഞ്ജിനി ആവര്‍ത്തിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നായിരുന്നു പുറത്തുവരേണ്ടിയിരുന്നത്. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം.

ഇന്ന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെ ആശയക്കുഴപ്പമായി. റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനി ആവശ്യപ്പെട്ടത്. നിയമ തടസ്സമില്ലാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ഇനിയും ഇരുട്ടുമുറിയില്‍ അടച്ചുവെക്കേണ്ട കാര്യമില്ല എന്നതാണ് വസ്തുത.

Top