ഹനോയ്: വടക്കൻ വിയറ്റ്നാമിനെ ദുരിതത്തിലാഴ്ത്തിയ യാഗി ചുഴലിക്കാറ്റിൽ ഇതുവരെ മരണപ്പെട്ടത് 179 പേരെന്ന് റിപ്പോർട്ട്. 145 പേരെ കാണാതായി. റെഡ് റിവറിൽ ജലനിരപ്പ് ഉയർന്നതോടെ നദിക്കരയിൽ താമസിക്കുന്ന ആയിരത്തിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ജലനിരപ്പാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ ലാവോ കായ്, യെൻ ബായ്, തായ് എൻഗുയെൻ, കാവോ ബാംഗ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാമിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. ഹനോയിലെ സ്കൂളുകൾക്കും ഒരാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമില്‍ 143 മരണം
പതിറ്റാണ്ടുകൾക്ക് ശേഷം തെക്കുകിഴക്കൻ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറിൽ 149 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലി വീശിയടിക്കുന്നത്. ശനിയാഴ്ച കര തൊട്ട യാഗി ഞായറാഴ്ചയോടെ ദുർബലമായെങ്കിലും മഴ തുടരുകയാണ്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് മരണസംഖ്യ ഉയരാൻ കാരണം. ഇതിൽ ഭൂരിഭാഗവും ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള ലാവോ കായ് പ്രവിശ്യയിലാണ്.