നടപടി ക്രമങ്ങൾ പാലിക്കാതെ ഫോൺ കോളിലൂടെ അറിയിപ്പ് നൽകി ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തിങ്ക് ആൻഡ് ലേൺ ജീവനക്കാരെ പിരിച്ചുവിടുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ അറിയിപ്പ് കാലയളവ് നൽകാതെയും ഫോൺ കോളുകൾ വഴിയാണ് പിരിച്ചുവിടൽ ആരംഭിച്ചതെന്ന് മണികൺട്രോൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഫോൺ കോളുകൾ വഴി ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. സിഇഒ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബൈജുവിൻ്റെ നാല് നിക്ഷേപകർ കമ്പനി മാനേജ്‌മെൻ്റിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ചിന് മുമ്പാകെ പരാതി ഫയൽ ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതുവരെ, 292 ട്യൂഷൻ സെൻ്ററുകളിൽ 30 എണ്ണം അടച്ചുപൂട്ടി. മിക്ക കേന്ദ്രങ്ങളെയും ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എഡ്‌ടെക് സ്ഥാപനം അറിയിച്ചു.
തൊണ്ണൂറു ശതമാനം ട്യൂഷൻ സെൻ്ററുകളും, ഹൈബ്രിഡിൽ തുടർന്നും പ്രവർത്തിക്കും. വരും വർഷങ്ങളിൽ ഏറ്റവും മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യ സ്വന്തമാക്കുമെന്നും ബൈജൂസ് അറിയിച്ചിരുന്നു. നിലവിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അടുത്ത അധ്യയന വർഷത്തേക്ക് (2024-25) സൈൻ അപ്പ് ചെയ്തിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും നൽകുന്ന പിന്തുണക്കും വിശ്വാസത്തിനും ബൈജൂസ് നന്ദി അറിയിച്ചിരുന്നു.