സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്തം രോഗം കൂടുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്തം രോഗം കൂടുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്തം രോഗം കൂടുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്തം രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ മുഴുവന്‍ കണക്കുകള്‍ നോക്കിയാല്‍ അത് നാലായിരത്തിനും താഴെയാണ്. മരണനിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ കണക്കുകള്‍ നോക്കിയാല്‍ 7 പേരുടെ മരണമാണ് മഞ്ഞപ്പിത്തം മൂലമെന്ന് വ്യക്തമായത്. അതിന് മുന്നേയുള്ള വര്‍ഷവും സമാനമായിരുന്നു സ്ഥിതി. എന്നാല്‍ ഇത്തവണ ഈ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് മരണം 13 ലെത്തി.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തില്‍ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കണക്കുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വര്‍ഷം മഞ്ഞപ്പിത്തം മൂലമെന്ന് കണ്ടെത്തിയത്. ജില്ലയില്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകളെടുത്തിട്ടുണ്ട്. രോഗം പടരുന്ന മലയോര മേഖലകളിലെ വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തും, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തും, വ്യക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്ന കാര്യവും ജനങ്ങളെ അറിയിക്കും. രോഗബാധിതര്‍ കൃത്യമായി വിശ്രമം എടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്നലെ ഡിഎംഒയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അറിയിച്ചു.

Top